
ദില്ലി: വ്യാജ ഇന്ത്യൻ തിരിച്ചറിയിൽ രേഖകളുമായി ദില്ലിയിൽ പാക് ഭീകരൻ (pakistan terrorist) പിടിയിലായി. ദില്ലിയിലെ ലക്ഷ്മി നഗറിലെ രമേശ് പാർക്കിൽ നിന്നാണ് ഭീകരനെ സ്‍പെഷ്യല്‍ സെൽ പിടികൂടിയത്. പാകിസ്ഥാനിലെ പഞ്ചാബ് സ്വദേശിയായ മുഹമ്മദ് അഷ്റഫാണ് പിടിയിലായത്. ഇന്ത്യൻ പൗരനാണെന്ന വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ഇയാള്‍ താമസിച്ചിരുന്നത്. എകെ 47 തോക്കും ഒരു ഹാൻഡ് ഗ്രനേഡും രണ്ട് പിസ്റ്റളും വെടിയുണ്ടകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
ഭീകരർക്കായി എൻഐഎ രാജ്യവ്യാപക പരിശോധന നടത്തുകയാണ്. കശ്‍മീരിലും ദില്ലിയിലും യുപിയിലും മംഗളൂരുവിലും റെയ്ഡ് നടക്കുകയാണ്. കേരളത്തിലും തമിഴ്‍നാട്ടിലെ ശിവഗംഗ, കോയമ്പത്തൂർ എന്നിവടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. അതേസമയം കശ്‍മീരില്‍ ഭീകരർക്ക് സൈന്യം കനത്ത തിരിച്ചടി നല്‍കി. ഷോപ്പിയാനിൽ മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരിൽ ലഷ്കർ കമാൻഡര്‍ മുക്താർ ഷായുമുണ്ട്. ഭീകരരില്‍ നിന്ന് വൻ ആയുധശേഖരം പിടിച്ചെടുത്തു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
ഇന്നലെ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന്‍റെ ഭൗതിക ശരീരം നാളെ നാട്ടിലെത്തിക്കും. പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാന്‍ രണ്ടുമാസം മാത്രം ബാക്കിയുളളപ്പോഴാണ് തീവ്രവാദികളുമായുളള ഏറ്റുമുട്ടലിൽ മലയാളി ജവാൻ വൈശാഖ് വീരമൃത്യു വരിച്ചത്. കൊട്ടാരക്കര കുടവട്ടൂര്‍ സ്വദേശിയാണ് 24 കാരനായ വൈശാഖ്. 2017ലാണ് വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നത്. മഹാരാഷ്ട്രയിലെ പരിശീലനത്തിന് ശേഷം പഞ്ചാബിലായിരുന്നു പോസ്റ്റിംഗ്. തുടര്‍ന്നാണ് പൂഞ്ചിലേക്ക് മാറിയത്. ഞായറാഴ്ചയാണ് വീട്ടുകാരുമായും നാട്ടിലെ കൂട്ടുകാരുമായും വൈശാഖ് അവസാനമായി ഫോണില്‍ സംസാരിച്ചത്.