മുസ്ലീം സ്ത്രീക്കൊപ്പം സഞ്ചരിച്ചതിന് യുവാവിനെ മർദ്ദിച്ചു, സ്ത്രീയെ അപമാനിച്ചു, ബെംഗളുരുവിൽ രണ്ട് പേർ അറസ്റ്റിൽ

By Web TeamFirst Published Sep 20, 2021, 11:52 AM IST
Highlights

രണ്ട് പേരെയും തടഞ്ഞുനിർത്തുകയും ഒരുമിച്ച് യാത്ര ചെയ്തതിന്റെയും കാരണം അന്വേഷിക്കുകയുമായിരുന്നു പ്രതികൾ. മുസ്ലീം അല്ലാത്ത ഒരാൾക്കൊപ്പം എന്തിന് സഞ്ചരിച്ചുവെന്ന് പ്രതികൾ സ്ത്രീയോട് ചോദിച്ചു...

ബെംഗളുരു: ബെംഗളുരുവിൽ മോറൽ പോലീസിംഗ്.  മോട്ടോർ ബൈക്കിൽ സഹപ്രവർത്തകയായ മുസ്ലീം സ്ത്രീയുമായി സഞ്ചരിച്ച ബാങ്ക് ജീവനക്കാരനെയും സ്ത്രീയെയും അപമാനിച്ച സംഭവത്തിൽ രണ്ട് പേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു.. ബെംഗളുരു നഗരത്തിൽ വച്ച് വ്യാഴാഴ്ചയാണ് യുവാവിനെയും സ്ത്രീയെയും അപമാനിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രതികൾ തന്നെ ചിത്രീകരിച്ചിരുന്നു. നാഷണൽ ഡിവൻസ് ഫോോഴ്സിന്റെ വാട്ടർമാർക്കോടെ ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. സംഭവത്തിൽ പ്രതികളെ ഉടനടി പിടികൂടിയതിന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പൊലീസിനെ അഭിനന്ദിച്ചു. 

രണ്ട് പേരെയും തടഞ്ഞുനിർത്തുകയും ഒരുമിച്ച് യാത്ര ചെയ്തതിന്റെയും കാരണം അന്വേഷിക്കുകയുമായിരുന്നു പ്രതികൾ. മുസ്ലീം അല്ലാത്ത ഒരാൾക്കൊപ്പം എന്തിന് സഞ്ചരിച്ചുവെന്ന് ഇവർ ചോദിക്കുന്നത് വീഡിയോയിൽ വ്യക്തം. കന്നടയിലും ഉറുദുവിലുമാണ് ഇവർ സംസാരിക്കുന്നത്. പ്രതികൾ യുവാവിനെയും സുഹൃത്തിനെയും അപമാനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും കേൾക്കാം. എന്താണ് നായയെയും പൂച്ചയെയും പോലെ പെരുമാറുന്നതെന്നും പ്രതികൾ ഉറുദുവിൽ സ്ത്രീയോട് ചോദിച്ചു. 

തുടർന്ന് പ്രതികൾ സ്ത്രീയുടെ ഭർത്താവിനെ ഫോണിൽ വിളിക്കുകയും മുസ്ലീം അല്ലാത്ത ഒരാളുടെ കൂടെ ഭാര്യയെ എന്തിന് പോകാൻ അനുവദിച്ചുവെന്ന് ചോദിക്കുകയും നിങ്ങളെപ്പോലുള്ളവരാണ് സമുദായത്തെ അപമാനിക്കുന്നതെന്നും  അവർ ആരോപിച്ചു. ഭർത്താവിനെ ചീത്തവിളിക്കുകയും ചെയ്തു. 

യുവാവിന്റെ മുഖത്തടിച്ച പ്രതികൾ സ്ത്രീയെ ബൈക്കിൽ നിന്ന് ഇറക്കി ഓട്ടോറിക്ഷയിൽ കയറ്റിവിടുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ എസ്ജി പല്യ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. 12 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടിയെന്ന് പൊലീസ് വ്യക്തമാക്കി. 

click me!