
കോയമ്പത്തൂര്‍: കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്ന് കോയമ്പത്തൂര്‍ സ്വദേശികള്‍, ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി തമിഴ്നാട് പൊലീസ്.യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഇടനിലക്കാരായി ഇവര്‍ പ്രവര്‍ത്തിച്ചെന്നും പൊലീസ് കണ്ടെത്തി. ഇതിനിടെ ഐഎസ് ബന്ധം സംശയിച്ച് മധുര സ്വദേശിയെ, എന്‍ഐഎ കസ്റ്റഡിയിലെടുത്തു.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളായ മുഹമ്മദ് ഹുസൈന്‍, ഷാജഹാന്‍, ഷെയ്ഖ് സഫിയുള്ള എന്നിവരെ തമിഴ്നാട് പൊലീസ് പിടികൂടിയത്.
ഇവരുടെ വസതികളില്‍ നിന്ന് പിടിച്ചെടുത്ത രേഖകളുടെയും കൂടുതല്‍ ചോദ്യം ചെയ്തതിന്‍റെയും അടിസ്ഥാനത്തിലാണ് എഫ്ഐആര്‍. കോയമ്പത്തൂരിലെ ക്ഷേത്രങ്ങള്‍, പള്ളികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. ചാവേറാകാന്‍ ഇവര്‍ തയാറെടുത്തു. ഐഎസ്സിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന കോയമ്പത്തൂരിലെ പ്രധാന കണ്ണികളിലൊരാളായി മുഹമ്മദ് ഹുസൈന്‍ പ്രവര്‍ത്തിച്ചു.
അറബിയില്‍ നിന്ന് തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത ഇത്തരം നിരവധി പ്രസംഗങ്ങളുടെ ഡിജിറ്റല്‍ തെളിവുകള്‍ ഇവരുടെ വസതികളില്‍ നിന്ന് കണ്ടെത്തി.ഐഎസ് ആശയം പ്രചരിപ്പിക്കുന്ന കിലാഫ ജിഎക്സ് എന്ന ഫെയ്സ്ബുക്ക് പേജ് അഡ്മിനുകളില്‍ ഒരാളാണ് മുഹമ്മദ് ഹുസൈന്‍.ശ്രീലങ്കന്‍ ചാവേറാക്രണത്തിന്‍റെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിമുമായി അടുത്ത ബന്ധം ഇവര്‍ പുലര്‍ത്തിയരുന്നു.
അതേസമയം ഐഎസ്സ് ബന്ധം സംശയിച്ച് ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്ത മധുര സ്വദേശിയായ സാദഖ്ദുള്ളയെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ പക്കല്‍ നിന്ന് ലാപടോപ്പ്, എട്ട് സിം കാര്‍ഡുകള്‍, ഏഴ് പെന്‍ഡ്രൈവ് എന്നിവ പിടിച്ചെടുത്തു. ഇതിനിടെ വ്യാജ പാസ്പോര്‍ട്ടുമായി മധുര വിമാനത്തവളത്തില്‍ നിന്ന് ശ്രീലങ്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ജയകാന്തന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam