ജാതിപീഡനം; പായല്‍ തഡ്‍വിയുടെ മരണത്തില്‍ അറസ്റ്റിലായ ഡോക്ടര്‍മാർക്ക് ജാമ്യം അനുവദിക്കരുതെന്ന് ക്രൈം ബ്രാഞ്ച്

By Web TeamFirst Published Jun 18, 2019, 12:05 AM IST
Highlights

പായൽ തഡ്‍വി ആത്മഹത്യ ചെയ്ത ദിവസത്തെ വിവരങ്ങൾ ഉൾപ്പെടുത്തി ക്രെം ബ്രാഞ്ച് നൽകിയ റിപ്പോർട്ടിലാണ് പിടിയിലായ വനിതാ ഡോക്ടര്‍മാർക്ക് ജാമ്യം അനുവദിക്കുന്നതിനെതിരെ സത്യവാങ്മൂലം ഉൾപ്പെടുത്തിയിരിക്കുന്നത്.   

മുംബൈ: ജാതി പീഡനത്തെ തുടര്‍ന്ന് ഡോക്ടര്‍ പായല്‍ തഡ്‍വി ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ വനിതാ ഡോക്ടര്‍മാർക്ക് ജാമ്യം അനുവദിക്കരുതെന്ന് ക്രൈം ബ്രാഞ്ച്. പായൽ തഡ്‍വി ആത്മഹത്യ ചെയ്ത ദിവസത്തെ വിവരങ്ങൾ ഉൾപ്പെടുത്തി ക്രെം ബ്രാഞ്ച് നൽകിയ റിപ്പോർട്ടിലാണ് പിടിയിലായ വനിതാ ഡോക്ടര്‍മാർക്ക് ജാമ്യം അനുവദിക്കുന്നതിനെതിരെ സത്യവാങ്മൂലം ഉൾപ്പെടുത്തിയിരിക്കുന്നത്.

മുംബൈയിലെ ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ രണ്ടാംവര്‍ഷ ഗൈനക്കോളജി പിജി വിദ്യാര്‍ത്ഥിനിയായ പായല്‍ ജാതിപീഡനത്തില്‍ മനംനൊന്ത് മേയ് 22 നാണ് ജീവനൊടുക്കിയത്. കേസിൽ പായലിന്‍റെ സീനിയേര്‍സ് ആയിരുന്ന ഹേമ അഹൂജ, ഭക്തി മെഹ്റ, അങ്കിത ഖണ്ഡേവാള്‍ എന്നിവരെ മെയ് 29-നാണ് അ​ഗ്രിപാദ പൊലീസ് അറസ്റ്റ് ചെയ്തത്. 

സംഭവം നടന്ന ദിവസംഅറസ്റ്റിലായ വനിതാ ഡോക്ടര്‍മാരാണ് പായലിന്റെ മുറി അകത്തുനിന്ന് പൂട്ടിയനിലയിൽ കണ്ടെത്തിയത്. തുടർന്ന് മറ്റ് മുറികളിലെ ഡോക്ടർമാരെ വിളിച്ച് മുറി തുറക്കുകയും ഫാനിൽ കെട്ടിതൂങ്ങിയ നിലയിൽ കണ്ടെത്തിയ പായലിനെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പായലിനെ ആശുപത്രിയിലെ അത്യാഹിത വാർഡിൽ എത്തിച്ചതിന് ശേഷം ഡോക്ടർമാരായ ഹേമയും അങ്കിതയും തിരിച്ച് ഹോസ്റ്റലിൽ എത്തി. പായലിന്റെ മുറിയുടെ പുറത്ത് അഞ്ച് മിനിറ്റോളം ഇരുവരും പരുങ്ങി നിൽക്കുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നതായും ക്രെം ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം അറസ്റ്റിലായ വനിതാ ഡോക്ടര്‍മാരെ ജുഡീഷ്യല്‍ കസ്റ്റഡിയിൽ നീട്ടി കിട്ടണമെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രത്യേക പ്രൊസിക്യൂട്ടർ രാജ താക്കറെ ആവശ്യപ്പെട്ടു.

2018 മെയ് മാസം ഒന്നാം തിയതിയാണ് പായല്‍ പി ജി പഠനത്തിനായി ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ ടോപ്പിവാല നാഷണല്‍ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നത്. 2018 ഡിസംബര്‍ മാസത്തിലാണ് ജാതി അധിക്ഷേപം സഹിക്കാനാകുന്നില്ലെന്ന് പായല്‍ വീട്ടുകാരോട് പരാതി പറഞ്ഞത്. പീഡനം കടുത്തതോടെ പായല്‍ ഹോസ്റ്റര്‍ വാര്‍ഡനോടും അധ്യാപകര്‍ അടക്കമുള്ളവരോടും പരാതി പറഞ്ഞു. റിസര്‍വേഷന്‍ ക്വാട്ടയിലൂടെ പ്രവേശനം നേടിയതിന് പായലിനെ മൂന്നുപേരും അധിക്ഷേപിച്ചിരുന്നതായ് പായലിന്‍റെ ഭര്‍ത്താവ് സല്‍മാനും വ്യക്തമാക്കിയിരുന്നു.  

click me!