
ദില്ലി: ഏറെ വിവാദം സൃഷ്ടിച്ച സുള്ളി ആപ്പ് (Sulli App) കേസിൽ കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്ന് ദില്ലി പൊലീസ് (Delhi Police). അറസ്റ്റിലായ ഓംകരശ്വേർ താക്കുറിനൊപ്പം വിദ്വേഷപ്രചാരണത്തിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു. സുള്ളി ആപ്പ് കേസിൽ അറസ്റ്റിലായ ഓംകരശ്വേറിനൊപ്പം അഞ്ചംഗ സംഘം പ്രവർത്തിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. ഇവർ ഇതിനായി മുപ്പതിലധികം അക്കൗണ്ടുകള്‍ നിർമ്മിച്ചു. പൗരത്വ പ്രതിഷേധം അടക്കം സമരങ്ങളിൽ ഇടപെടൽ നടത്തിയ മുസ്ലീം വനിതകളെ കണ്ടെത്തി ഇവരുടെ വ്യാജപ്രൊഫെലുകളും സംഘം നിർമ്മിച്ചു. ഓംകരശ്വേറില്‍ നിന്നും കണ്ടെത്തിയ ലാപ്പ്ടോപ്പിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ നിന്നാണ് മറ്റുള്ളവരിലേക്ക് എത്തിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇവരെല്ലാം ഒരേ ഓൺലൈൻ ഗ്രൂപ്പുകളിൽ അംഗങ്ങളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ ലാപ്പ്ടോപ്പ് കൂടുതൽ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതേസമയം ബുള്ളിഭായ് ആപ്പ് കേസിൽ അറസ്റ്റിലായ എല്ലാ പ്രതികളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് ദില്ലി പൊലീസ്. ഇതിൽ നീരജ് ഒഴികെയുള്ള മൂന്ന് പ്രതികളെ പിടികൂടിയത് മുംബൈ പൊലീസാണ്. ഇതിൽ ഒരാൾക്ക് കൊവിഡാണ്. ഇയാളുടെ രോഗം മാറിയാലുടൻ നാലുപേരെയും ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യാനുള്ള നടപടികൾ മുംബൈ പൊലീസുമായി ആലോചിക്കുമെന്ന് സെപ്ഷ്യൽ സെൽ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam