കൊവിഡ് വര്‍ധന; തമിഴ്‍നാട്ടില്‍ കൂടുതല്‍ പേര്‍ക്കും രോഗലക്ഷണമില്ല, രോഗബാധിതരുടെ എണ്ണം 2757 ആയി

By Web TeamFirst Published May 2, 2020, 8:26 PM IST
Highlights

തിരുപ്പൂര്‍ ഉള്‍പ്പെടെ അതിര്‍ത്തി ജില്ലകളിലും പുതിയ രോഗികളുടെ എണ്ണം കൂടുന്നു.

ചെന്നൈ: തമിഴ്നാട്ടില്‍ രോഗബാധിതരുടെ എണ്ണം 2757 ആയി. ഇന്ന് 231 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണിത്. ചെന്നൈയില്‍ മാത്രം ഇന്ന് 174 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ക്കും രോഗലക്ഷണമില്ല. തിരുപ്പൂര്‍ ഉള്‍പ്പെടെ അതിര്‍ത്തി ജില്ലകളിലും പുതിയ രോഗികളുടെ എണ്ണം കൂടുന്നു.

81 കച്ചവടകാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കോയമ്പേട് മാര്‍ക്കറ്റ് ഇന്ന് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. ദിവസേന പതിനായിരകണക്കിന് പേര്‍ വന്നുപോയിരുന്ന കോയമ്പേട്  മാര്‍ക്കറ്റാണ് രോഗവ്യാപനത്തിന്‍റെ കേന്ദ്രം. നൂറ് കണക്കിന് കച്ചവടകാര്‍ക്ക് പുറമേ ലോറി ഡ്രൈവര്‍മാര്‍, ചുമട്ടുതൊഴിലാളികള്‍, ചില്ലറവില്‍പ്പനക്കാര്‍ തുടങ്ങി സമ്പര്‍ക്ക പട്ടിക നീളും.  വിവിധ ജില്ലകളിലേക്ക് മടങ്ങിയ കച്ചവടക്കാരെയും ലോറി ഡ്രൈവര്‍മാരെയും  തിരിച്ചറിയാനാണ് ശ്രമിക്കുന്നത്. 

തിരുവിക നഗറിലെ പള്ളിയില്‍ ഈസ്റ്റര്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തവരില്‍ 242 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. വെല്ലൂരില്‍ 8 ബാങ്ക് ജീവനകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ എട്ട് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. 

അതേസമയം നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നൂറ് കണക്കിന് അതിഥിതൊഴിലാളികള്‍ ചെന്നൈയില്‍ റോഡ് ഉപരോധിച്ചു. അതിഥി തൊഴിലാളികളുടെ മടക്കം ഏകോപിപ്പിക്കാന്‍ നോഡല്‍ഓഫീസറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. മടക്കയാത്രയ്ക്കുള്ള പട്ടിക ഉടന്‍ തയാറാക്കുമെന്ന ഉറപ്പിന്‍മേല്‍ പ്രതിഷേധം അവസാനിപ്പിച്ചു.
 

click me!