Latest Videos

രാജ്യത്ത് കൊവിഡ് ഭീതി ഒഴിയുന്നില്ല; രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്

By Web TeamFirst Published Apr 20, 2020, 2:43 PM IST
Highlights

മെയ് ഏഴുവരെ ലോക്ക് ഡൗണ്‍ നീട്ടിയ തെലങ്കാനയിൽ ഹോട്ട് സ്പോട്ട് അല്ലാത്ത ജില്ലകളും പൂര്‍ണമായി അടച്ചിടുകയാണ്. ഇവിടെ കേന്ദ്രസര്‍ക്കാരിന്‍റെ കണക്കുകള്‍ പ്രകാരം 844 കൊവിഡ‍് ബാധിതരാണുള്ളത്

ബെംഗളൂരു: ദേശീയ ലോക്ക് ഡൗണിൽ ഇന്നുമുതൽ ഇളവുകൾ നിലവിൽ വന്നെങ്കിലും രാജ്യം കൊവിഡ് ഭീതിയില്‍ തന്നെയാണ്.  കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയിലും ദില്ലിയിലും വന്‍ വര്‍ധനവാണുള്ളത്. കൊവിഡ് രോഗികളുടെ എണ്ണം 4200 പിന്നിട്ട മഹാരാഷ്ട്രയില്‍ പുതിയതായി അഞ്ച് മലയാളി നഴ്‍സുമാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ബോംബെ ആശുപത്രിയിൽ രണ്ടും പൂനെ റൂബി ആശുപത്രിയിൽ മൂന്ന് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധനാ ഫലം കാണിക്കാതെ ജോലിചെയ്യാൻ നിർബന്ധിക്കുന്നെന്നതായി ജസലോക് ആശുപത്രിയിലെ നഴ്സുമാര്‍ പറഞ്ഞു. അതിനിടെ മൂംബൈയിൽ കൂടുതൽ മാധ്യമപ്രവർ‍‍ത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. 

ഏപ്രിൽ 16ന് മുംബൈയിൽ നടത്തിയ പ്രത്യേക ക്യാമ്പിൽ വച്ച് നടത്തിയ പരിശോധനയിലാണ് കൂടുതൽ മാധ്യമ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തെ അഞ്ച് മാധ്യമ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം പടരുന്ന സാഹചര്യത്തിൽ പൂനെ, പിപ്രി ചിൻച്‍വാദ് ,താനെ മേഖലകളാകെ തീവ്രബാധിതമേഖലകളായി പ്രഖ്യാപിച്ചു. ഇവിടെ ഏപ്രിൽ 27വരെ കർശന നിയന്ത്രണം തുടരും. അതേസമയം രോഗവ്യാപനം കുറഞ്ഞ ഓറഞ്ച് ഗ്രീൻ സോണുകളിൽ വ്യവസായശാലകൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തനാനുനമതി നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

മെയ് ഏഴുവരെ ലോക്ക് ഡൗണ്‍ നീട്ടിയ തെലങ്കാനയിൽ ഹോട്ട് സ്പോട്ട് അല്ലാത്ത ജില്ലകളും പൂര്‍ണമായി അടച്ചിടുകയാണ്. ഇവിടെ കേന്ദ്രസര്‍ക്കാരിന്‍റെ കണക്കുകള്‍ പ്രകാരം 700 ല്‍ അധികം കൊവിഡ‍് ബാധിതരാണുള്ളത്. അതേസമയം ഹൈദരാബാദിൽ 45 ദിവസം പ്രായമുളള കുഞ്ഞ് കൊവിഡ് ബാധിച്ചുമരിച്ചു. ന്യുമോണിയയെ തുടർന്ന് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് വെളളിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും രോഗബാധയില്ല. കൊവിഡ് ബാധിത മേഖലകളിൽ സഞ്ചരിച്ചിട്ടില്ലെന്നും കുടുംബം പറയുന്നു. 

ഏപ്രിൽ എട്ടിന് നാരായൺപേട്ടിലെ ആശുപത്രിയിൽ  പ്രതിരോധ കുത്തിവെപ്പ് എടുത്തതിന് ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. പിന്നീട് മെഹബൂബ നഗറിലെ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നാണ് ഹൈദരാബാദിലേക്ക് മാറ്റിയത്. ആശുപത്രിയിൽ നിന്ന് രോഗം പകർന്നതാകാമെന്നാണ് നിഗമനം. ഏപ്രിൽ എട്ടിന് നാരായൺപേട്ടിലെ ആശുപത്രിയിൽ പ്രതിരോധ കുത്തിവെപ്പ് എടുത്ത ശേഷമാണ് രോഗലക്ഷ്ണങ്ങൾ കണ്ടത് . മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും രോഗം ഉണ്ടായിരുന്നില്ല.

ഇന്ന് പുതിയതായി അഞ്ച് കേസുകള് കൂടി സ്ഥിരീകരിച്ചതോടെ കര്‍ണാടകത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം 395 ആയി ഉയര്‍ന്നു. കലബുറഗി ജില്ലയില്‍ നിന്നാണ് അഞ്ച് കേസുകളും റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. അഞ്ചുപേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം വന്നത് . അതേസമയം ചെന്നൈയിൽ ആശങ്ക വർധിപ്പിച്ച് കാശിമേട് മത്സ്യ മാർക്കറ്റിലെ മൂന്ന് ജോലിക്കാർക്ക്  കൊവിഡ് സ്ഥിരീകരിച്ചു. കാശിമേട് തുറമുഖത്തെ രണ്ട് തെരുവുകൾ ഇതോടെ സീൽ ചെയ്തിരിക്കുകയാണ്. രോഗ  ലക്ഷണങ്ങൾ കാണിക്കാത്തവരാണ് ചെന്നൈയിലെ പുതിയ കൊവിഡ് ബാധിതരിൽ കൂടുതലും. തമിഴ് ചാനലിലെ ഒരു മാധ്യമ പ്രവർത്തകന് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇരുപതിലധികം മാധ്യമ പ്രവർത്തകരെ നിരീക്ഷണത്തിലാക്കി.

 


 

click me!