Latest Videos

രാജ്യ തലസ്ഥാനത്തെ 'വിറപ്പിച്ച' സന്ദേശം, വെട്ടിലായത് നൂറോളം സ്കൂളുകൾ; പരിശോധനയിൽ ഭീഷണി വ്യാജമെന്ന് തെളിഞ്ഞു

By Web TeamFirst Published May 1, 2024, 2:23 PM IST
Highlights

ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, വസന്ത്കുഞ്ജിലേയും ദ്വാരകയിലേയും ദില്ലി  പബ്ലിക്ക് സ്‌കൂള്‍, സാകേതിലെ അമിറ്റി സ്‌കൂള്‍ തുടങ്ങിയ വിദ്യാലയങ്ങളിലാണ് ആദ്യം പരിശോധന നടന്നത്.

ദില്ലി: ദില്ലിയിലെ സ്വകാര്യസ്കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശം കിട്ടിയത് നഗരത്തിൽ വൻ പരിഭ്രാന്തിക്കിടയാക്കി. രാജ്യതലസ്ഥാനമേഖലയിലെ നൂറിലേറെ സ്കകൂളുകൾക്കാണ് ഭീഷണി സന്ദേശം കിട്ടിയത്. പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്നും  വ്യാജ സന്ദേശം അയച്ചതാരെന്ന് അന്വേഷണം തുടങ്ങിയെന്നും ദില്ലി പൊലീസ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനയിൽ വ്യാജ സന്ദേശമെന്ന് തെളിഞ്ഞു. പുലർച്ചെ നാല് മണിയോടെയാണ് ദില്ലിയിൽ പരിഭ്രാന്തി പടർത്തി സ്വകാര്യ സ്കൂളുകളിൽ ബോംബ് വച്ചതായുള്ള ഇമെയിൽ സന്ദേശം എത്തുന്നത്. ദില്ലിയിലും അടുത്തുളള നോയിഡ, ഫരീദബാദ് എന്നിവിടങ്ങളിലെയും സ്കൂകുകളിലേക്കാണ് വ്യാജ സന്ദേശം എത്തിയത്. സ്കൂകളിൽ എത്തിയ വിദ്യാർഥികളെ തിരികെ അയച്ചു.

ബോംബ് സ്ക്വാഡ് ഉൾപ്പെടെ എത്തി പരിശോധന നടത്തി. ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, വസന്ത്കുഞ്ജിലേയും ദ്വാരകയിലേയും ദില്ലി  പബ്ലിക്ക് സ്‌കൂള്‍, സാകേതിലെ അമിറ്റി സ്‌കൂള്‍ തുടങ്ങിയ വിദ്യാലയങ്ങളിലാണ് ആദ്യം പരിശോധന നടന്നത്.  സമാനസന്ദേശം മറ്റു നൂറിനടുത്ത് സ്കൂളുകളിലും ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. ഏതാണ്ട് എല്ലാ സ്കൂളുകളും ക്ളാസും പരീക്ഷയും നിറുത്തി വിദ്യാർത്ഥികളെ മടക്കി അയച്ചു. രക്ഷിതാക്കൾ സ്കൂളുകളിലെക്ക് പരിഭ്രാന്ത്രായി എത്തി.  പരിശോധനയിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ദില്ലി പൊലീസ് അറിയിച്ചു.

സംഭവത്തിൽ ദില്ലി ലഫ് ഗവർണറും റിപ്പോർട്ട് തേടി. ഭീഷണി വ്യാജമെന്ന് ആഭ്യന്തരമന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കി.  ചില മതസൂക്തങ്ങൾ ഉൾപ്പെടുത്തിയുള്ള സന്ദേശം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സന്ദേശത്തിന് പിറകിൽ ആരെന്ന് ദില്ലി പൊലീസിനൊപ്പം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും പരിശോധിക്കുന്നുണ്ട്. 

click me!