
ഹാത്രസ് : ഫുഡ് ഗോഡൗണിൽ തളിച്ച കീടനാശിനി ശ്വസിച്ച് നൂറിലധികം കുരങ്ങുകൾ ചത്തെന്ന് പൊലീസ്. ജഡം രഹസ്യമായി ഒരു വലിയ കുഴിയിൽ കുഴിച്ചിട്ടതായും പൊലീസ് പറയുന്നു. കുഴിച്ചിട്ട ജഡം മൃഗ ഡോക്ടർമാരുടെ സംഘം പോസ്റ്റ്‌മോർട്ടത്തിനായി പുറത്തെടുത്തു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ചയാണ് കുരങ്ങുകളുടെ കൂട്ട മരണ വിവരം പൊലീസ് അറിഞ്ഞതെന്ന് സർക്കിൾ ഓഫീസർ യോഗേന്ദ്ര കൃഷ്ണ നാരായൺ പറഞ്ഞു. ഗോതമ്പ് ചാക്കുകളെ പ്രാണികളിൽ നിന്നും എലികളിൽ നിന്നും സംരക്ഷിക്കുന്നതിനായി നവംബർ 7 നാണ് എഫ്‌സിഐ ഗോഡൗണിൽ കീടനാശിനി തളിച്ചത്. അലുമിനിയം ഫോസ്‌ഫൈഡ് എന്ന രാസവസ്തുവാണ് തളിച്ചതെന്ന് പൊലീസ് കണ്ടെത്തി.
ഗോഡൗണിന്‍റെ തകർന്ന ജനൽ വഴി നവംബർ ഏഴിന് രാത്രി ഗോഡൗണിനുള്ളിൽ പ്രവേശിച്ച കുരങ്ങൻമാരുടെ സംഘം ഈ വാതകം ശ്വസിച്ചു. നവംബർ ഒമ്പതിന് തൊഴിലാളികൾ ഗോഡൗൺ തുറന്നപ്പോൾ നിരവധി കുരങ്ങുകൾ ചത്തുകിടക്കുന്നതാണ് കണ്ടത്. തുടർന്ന് ജീവനക്കാർ ആരുമറിയാതെ കുഴിയെടുത്ത് മറവ് ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. നൂറിലധികം കുരങ്ങുകളെ കുഴിയിൽ നിന്ന് പുറത്തെടുത്തു. ഇവയുടെ ജഡം ജീർണിച്ച അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam