കൊവിഡ്: പരോളിലിറങ്ങി മുങ്ങിയത് 3000ല്‍ അധികം പേര്‍, ദില്ലി പൊലീസിന്‍റെ സഹായം തേടി തിഹാര്‍ ജയില്‍ അധികൃതര്‍

By Web TeamFirst Published Apr 15, 2021, 12:56 PM IST
Highlights

112 കുറ്റവാളികളും വിചാരണ കഴിഞ്ഞിട്ടില്ലാത്ത 3300 പേരുമാണ് കൊവിഡ് 19 വ്യാപനം മൂലം നല്‍കിയ എമര്‍ജന്‍സി പരോളില്‍ പുറത്തിറങ്ങി മുങ്ങിയതെന്ന് അധികൃതര്‍. ഇവരെ കണ്ടെത്താന്‍ സഹായിക്കണമെന്നാണ് ജയില്‍ അധികൃതര്‍ ദില്ലി പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്

ദില്ലി: പരോളിലിറങ്ങി മുങ്ങിയ 112 കുറ്റവാളികളെ കണ്ടെത്താനായി ദില്ലി പൊലീസിന്‍റെ സഹായം തേടി തിഹാര്‍ ജയില്‍ അധികൃതര്‍. കഴിഞ്ഞ വര്‍ഷം കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 1184 കുറ്റവാളികളെയെങ്കിലും എമര്‍ജന്‍സി പരോളില്‍ അയക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. തിഹാര്‍, മണ്ടോലി, രോഹിണി ജയിലുകളിലുള്ള കുറ്റവാളികളായിരുന്നു ഇതില്‍ ഏറിയ പങ്കും. ഇവരില്‍ 1072 കുറ്റവാളികള്‍ ഇതിനോടകം ശിക്ഷ പൂര്‍ത്തിയാക്കുകയോ കീഴടങ്ങുകയോ ചെയ്തിട്ടുണ്ടെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ പറയുന്നു.

എന്നാല്‍ പരോളിലിറങ്ങി 112 കുറ്റവാളികള്‍ മുങ്ങിനടക്കുന്നുണ്ട്. ഇവരുടെ പേരും വിവരങ്ങളും തിഹാര്‍ ജയില്‍ അധികൃതര്‍ ദില്ലി പൊലീസിന് കൈമാറിയിട്ടുണ്ട്. സമാനമായി വിചാരണ കഴിഞ്ഞിട്ടില്ലാത്ത 5556  തടവുകാര്‍ക്കും എമര്‍ജന്‍സി പരോള്‍ നല്‍കിയിരുന്നു. ഇതില്‍ 2200 പേരാണ് തിരികെയെത്തിയത്. 3300 പേര്‍ ഇനിയും തിരികെയെത്തിയിട്ടില്ല. ഇവരുടെ പട്ടികയും ദില്ലി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരില്‍ ചിലര്‍ കോടതിയില്‍ നിന്ന് ജാമ്യം നേടിയിട്ടുള്ളവരാണെന്നാണ് ജയില്‍ അധികൃതര്‍ കൂട്ടിച്ചേര്‍ക്കുന്നത്.

എച്ച്ഐവി, ക്യാന്‍സര്‍, കിഡ്നി തകരാര്‍, ആസ്മ, ടിബി രോഗികളാണ് ഇവരില്‍ ഏറിയ പങ്കുമെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കിയതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട. 10000ല്‍ അധികം കുറ്റവാളികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് ദില്ലിയിലെ തിഹാര്‍ ജയില്‍. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയിലുകളിലൊന്നാണ് തിഹാര്‍ ജയില്‍. 

click me!