
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നതിനിടെ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം ആശങ്ക കൂട്ടുന്നു. പത്ത് സംസ്ഥാനങ്ങളിലെങ്കിലും ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യം ഉണ്ടെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ദില്ലി, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, കർണ്ണാടകം, ഗുജറാത്ത് മധ്യപ്രദേശ് എന്നിവിടങ്ങളിലെ 60% ലധികം സാമ്പിളുകളിലും ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. വിദഗ്ധ പരിശോധനയിലാണ് ഇരട്ട വൈറസ് സാന്നിധ്യം കണ്ടെത്തിയത്. കേരളത്തിലെയും സാധ്യത കേന്ദ്രം തളളിക്കളയുന്നില്ല.
നിലവിൽ തുടക്കത്തിൽ രോഗം വ്യാപനത്തിന് കാരണമായ വൈറസിനെതിരായ വാക്സീൻ ആണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെതിരെ ഇത് എത്രത്തോളും ഫലപ്രദമാണെന്ന് ഇരുവരെയും വ്യക്തത ലഭിച്ചിട്ടില്ല.
കൊവിഡ് രോഗവ്യാപന തീവ്രതയും വൈറസിന്റെ ജനിതക വ്യതിയാനവും തമ്മിൽ ബന്ധമുണ്ടാകാമെന്നും പരിശോധിച്ച സാമ്പികളുകളിൽ നല്ലൊരു ശതമാനത്തിലും ജനിതക വ്യതിയാനമുള്ള വൈറസിന്റെ സാന്നിധ്യമുണ്ടെന്നും കേന്ദ്രത്തിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ഡോ വിജയരാഘവനും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോൾ രോഗം അതി തീവ്രമായി വ്യാപിച്ച പല സംസ്ഥാനങ്ങളിലും വൈറസിന്റെ ജനിതക വ്യതിയാനം പ്രകടമാണെന്നായിരുന്നു അദ്ദേഹവും അഭിപ്രായപ്പെട്ടത്.
അതിനിടെ രാജ്യത്ത് കൊവിഡ് രോഗബാധ നിയന്ത്രണാധീതമായി തുടരുകയാണ്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 2,00,739 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1038 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിദിനനിരക്ക് ഇന്നലെ 1.84 ലക്ഷത്തിലധികമായിരുന്നു. തുടർച്ചയായ ഒരാഴ്ച്ച ഒന്നര ലക്ഷത്തിലേറെയാണ് രോഗബാധിതരുടെ എണ്ണം. പ്രതിദിന മരണ നിരക്ക് ഇന്നലെ ആയിരം പിന്നിട്ടിരുന്നു. രോഗബാധ നിരക്ക് ഈയാഴ്ച രൂക്ഷമാകാനാണ് സാധ്യതയെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam