
അഹമ്മദാബാദ്: ഗുജറാത്തിലെ വൽസദിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ബഹുനില കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് പകർത്തിയ വീഡിയോയിൽ, താഴത്തെ പാർക്കിംഗ് ഏരിയ പൂർണമായും വെള്ളത്തിനടിയിലായതായി കാണാം. കാറുകളുടെ വിൻഡോ വരെ വെള്ളം ഉയർന്നിരിക്കുന്നു. കെട്ടിടത്തിന് പുറത്തുള്ള പരിസര പ്രദേശങ്ങളും പൂർണമായി വെള്ളത്തിനടിയിലാണ്.
ഗുജറാത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. സംസ്ഥാനത്തിന്‍റെ തെക്കൻ ജില്ലയായ വൽസദിനെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. വൽസദിലെ ഉംബർഗാവ് താലൂക്കിൽ വ്യാഴാഴ്ച രാവിലെ വരെയുള്ള 16 മണിക്കൂറിനുള്ളിൽ 1100 മില്ലീമീറ്റർ റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയത്. ഉംബർഗാവിന് പുറമെ വൽസദിലെ മറ്റ് പല താലൂക്കുകളിലും ഈ സമയപരിധിക്കുള്ളിൽ 600 മില്ലീമീറ്ററിലധികം മഴ ലഭിച്ചു. സ്ഥിതിഗതികൾ രൂക്ഷമായതോടെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായി.
മഴ ശക്തമായതോടെ പ്രദേശത്തെ ഔരംഗ, പാർ, ദമൻ ഗംഗ എന്നീ നദികൾ കരകവിഞ്ഞൊഴുകുകയും വൽസദിൽ വലിയ രീതിയിലുള്ള വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്തു. സൂറത്ത് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് രണ്ടായിരത്തിലേറെ ആളുകളെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
തെക്കൻ ഗുജറാത്തിലെ വൽസാദ്, നവ്സാരി, ഡാങ്സ്, സൂറത്ത്, താപി എന്നീ ജില്ലകളിൽ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ജാഗ്രത പാലിക്കാൻ പ്രാദേശിക ഭരണകൂടവും ദുരന്തനിവാരണ സേനയും നിർദേശം നൽകിയിട്ടുണ്ട്. പ്രളയബാധിത ജില്ലകളിൽ രക്ഷാപ്രവർത്തനവും ആശ്വാസ നടപടികളും വേഗത്തിലാക്കാൻ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മന്ത്രിമാരെ ചുമതലപ്പെടുത്തി. ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി മന്ത്രിമാർ പ്രളയബാധിത പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
#Watch | Several cars submerged in water after heavy downpour in Gujarat's Vapi pic.twitter.com/o4JDuZbYXO
— NDTV (@ndtv) July 23, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam