വിദേശത്തേക്ക് പോകുന്നതിന് മുൻപ് മോഷണം ഭയന്ന് ബിഹാർ സ്വദേശി തൻ്റെ പുതിയ സ്കോർപിയോ കാർ ക്രെയിൻ ഉപയോഗിച്ച് വീടിൻ്റെ മേൽക്കൂരയിൽ പാർക്ക് ചെയ്തു. ഈ ദൃശ്യങ്ങൾ വൈറലായപ്പോൾ, ഇത്രയും ഭാരം താങ്ങാൻ മേൽക്കൂരയ്ക്ക് ശേഷിയുണ്ടാവില്ലെന്നും ഇത് അപകടകരമാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പാറ്റ്ന: വിദേശത്തേക്ക് പോകാനിരിക്കെ തൻ്റെ പുതിയ കാർ മോഷണം പോകാതിരിക്കാൻ ക്രെയിൻ ഉപയോഗിച്ച് വീടിൻ്റെ രണ്ടാം നിലയിലെ മേൽക്കൂരയിൽ പാർക്ക് ചെയ്ത് ബിഹാർ സ്വദേശി. മഹീന്ദ്ര സ്കോർപിയോ ക്ലാസിക് മോഡൽ വാഹനം കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി വീടിൻ്റെ രണ്ടാം നിലയിലേക്ക് മാറ്റുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

വിദേശത്ത് ജോലി ചെയ്യുന്ന വാഹന ഉടമ തൻ്റെ പുതിയ കാർ വീടിന് മുന്നിൽ പാർക്ക് ചെയ്താൽ മോഷണം പോകാൻ സാധ്യതയുണ്ടെന്ന് ഭയന്നാണ് ഈ കൃത്യത്തിന് തയ്യാറായത്. സുരക്ഷിതമായ പാർക്കിംഗ് കേന്ദ്രങ്ങളിലോ ബന്ധുക്കളുടെ പക്കലോ ഏൽപ്പിക്കുന്നതിന് പകരം, വാഹനം ആർക്കും എളുപ്പത്തിൽ എടുക്കാൻ സാധിക്കാത്ത നിലയിൽ വീടിൻ്റെ ടെറസിൽ സൂക്ഷിക്കാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു. തൊഴിലാളികളുടെയും ക്രെയിൻ ഓപ്പറേറ്ററുടെയും സഹായത്തോടെയാണ് വാഹനം മുകളിലേക്ക് ഉയർത്തിയത്. കള്ളന്മാരുടെ ഫ്യൂസ് ഊരിയ ഐഡിയ, ഇനി കള്ളന്മാർക്ക് മുകളിലേക്ക് ഏണി വെച്ചു കയറേണ്ടി വരും എന്നെല്ലാമാണ് വീഡിയോക്ക് താഴെ വരുന്ന കമൻ്റുകൾ.

അതേസമയം ഇത്തരത്തിൽ വാഹനം മേൽക്കൂരയിൽ വെക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാണെന്ന് സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ടൺ കണക്കിന് ഭാരമുള്ള ഒരു വാഹനം താങ്ങാൻ സാധാരണ വീടുകളുടെ മേൽക്കൂരയ്ക്ക് ശേഷിയുണ്ടാകണമെന്നില്ല. ഇത് കെട്ടിടം തകരാൻ ഇടയാക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ബിഹാറിൽ എവിടെയാണ് ഇത് നടന്നതെന്നോ വാഹന ഉടമയുടെ വിവരങ്ങളോ പുറത്തുവന്നിട്ടില്ല.

Scroll to load tweet…