
ദില്ലി: കൊടുംതണുപ്പിൽ സ്വന്തമായുളളതെല്ലാം ഉപേക്ഷിച്ച് തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന മനുഷ്യരുണ്ട് ദില്ലിയിൽ. സർക്കാരിന്റെ ഉപഗ്രഹചിത്രങ്ങളിലില്ലെന്ന പേരിൽ ബുൾഡോസറുകൾ ഇടിച്ചുനിരത്തിയ വീടുകളിൽ കഴിഞ്ഞവർ. പുനരധിവസിപ്പിക്കാതെ ശൈത്യകാലത്ത് കുടിയിറക്കപ്പെടരുതെന്ന സുപ്രിംകോടതി നിർദേശം നിലനിൽക്കുമ്പോഴും പുറംതളളപ്പെട്ട മനുഷ്യരാണിവര്‍.
'ബുള്‍ഡോസറുമായി അവര്‍ വന്നു, ഞങ്ങള്‍ ഒരുപാട് കരഞ്ഞു'- രഞ്ജു എന്ന കുട്ടി പറഞ്ഞു. ഭൂപടത്തിലില്ലാത്തതിന്റെ പേരിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങളിലൊന്നാണ് രഞ്ജുവിന്റേത്, ഡിസംബറിലെ തണുത്തുറഞ്ഞൊരു വൈകുന്നേരം കുഞ്ഞു കൈയ്യിൽ പുസ്കങ്ങള്‍ മാത്രമെടുത്ത് പുറത്തിറങ്ങിയതാണ്. പിന്നാലെ പൊലീസുകാരുടെ അകമ്പടിയോടെ ബുള്‍ഡോസറുകളെത്തി. സ്വന്തമെന്ന് കരുതിയ വീട് ബുള്‍ഡോസർ കൈകളിലമർന്നു. ദില്ലി - മഥുര റോഡിനോട് ചേർന്ന വളപ്പിലെ അഞ്ഞൂറിലധികം വീടുകളിന്ന് ഇഷ്ടിക കൂമ്പാരങ്ങളാണ്.
ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ പക്കലുള്ള ഉപഗ്രഹ ചിത്രങ്ങളില്‍ 2006ന് മുന്‍പ് ഈ മനുഷ്യര്‍ ഇവിടെ വസിച്ചിരുന്നില്ല എന്ന വിചിത്രവാദമാണ് അധികാരികള്‍ ഉന്നയിക്കുന്നത്. പൊളിച്ചുമാറ്റുന്നതിന്റെ രണ്ടു ദിവസം മുൻപാണ് പലർക്കും ഒഴിഞ്ഞു പോകാനുളള നോട്ടീസ് ലഭിച്ചത്. രേഖകളുളളവരും ഇല്ലാത്തവരുമുണ്ട്, പുനരധിവാസത്തിനായി സർക്കാരിൽ പലകുറി അപേക്ഷിച്ചപ്പോഴും നിരാശയായിരുന്നു ഫലം. ശൈത്യകാലത്ത് ഒരു മനുഷ്യനെ പോലും കുടിയൊഴിപ്പിക്കരുതെന്ന സുപ്രിംകോടതി നിർദേശം നിലനിൽക്കെയായിരുന്നു ഇടിച്ചു നിരത്തൽ. എങ്ങോട്ട് പോകണമെന്നറിയാത്ത മനുഷ്യരാണ് ചുറ്റും.
'ഞങ്ങളെ കേള്‍ക്കാന്‍ ആരുമില്ല. നിങ്ങള്‍ പറയൂ ഞങ്ങള്‍ എങ്ങോട്ട് പോകണ'മെന്ന് കണ്ണീരോടെ ഒരുകൂട്ടം മനുഷ്യര്‍. പേരറിയാത്ത മരം നൽകിയ തണലിൽ ജീവിതം തളളിനീക്കുകയാണ് സിതാരയുടെ കുടുംബം. ദാരിദ്രവും രോഗങ്ങളും മാത്രമായിരുന്നു കൂട്ട്. ഇന്ന് കൊടും തണുപ്പിനോടും പോരാടിക്കണം,
മലിനീകരണ തോത് കുറഞ്ഞതോടെ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാൻ ലഭിച്ച ഇളവ് മറയാക്കിയാണ് കുടിയൊഴിപ്പിക്കൽ. അനധികൃത കുടിയേറ്റക്കാർക്കുളള മുന്നറിയിപ്പാണിതെന്നും അധികൃതർ ആവർത്തിക്കുന്നു. അപ്പോഴും സർക്കാരിന്റെ കണക്കുപുസ്തകങ്ങളിൽ പെട്ട് കുടിയിറക്കപ്പെട്ടവരുണ്ട് നിസാമുദ്ദീനിൽ, മെഹ്റോളിയിൽ, ആയ നഗറിൽ. ഒരു ശൈത്യകാലം കൂടി എങ്ങനെ താണ്ടുമെന്നറിയാത്തവർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam