Om​​​​​​icron : പ്രതീക്ഷയേകി കൂടുതൽ പരീക്ഷണ ഫലങ്ങൾ, പേടിച്ചത്ര ഭീകരനല്ല ഒമിക്രോൺ

By Web TeamFirst Published Dec 8, 2021, 5:16 PM IST
Highlights

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ  കുട്ടികളുടെ കാര്യത്തിൽ ജാഗ്രത തുടരണമെന്ന് ആരോഗ്യ വിദഗ്ധർ നേരത്തെ നി‍‍ർദേശം നൽകിയിരുന്നു.

ദില്ലി: ലോകത്തിന് ആശ്വാസമായി ഒമിക്രോൺ വൈറസിന്റെ (Omicron variant) പ്രാഥമിക പരീക്ഷണ ഫലങ്ങൾ പുറത്തുവന്നു. സൗത്ത് ആഫ്രിക്കൻ മെഡിക്കൽ റിസർച്ച് കൗൺസിൽ (South African Medical Research Council) നടത്തിയ പഠനം അനുസരിച്ച് ഒമിക്രോൺ വൈറസിന്റെ  മരണനിരക്ക് ഡെൽറ്റ വകഭേദത്തെക്കാൾ (delta variant) കുറവാണ്. ഒമിക്രോൺ ബാധിച്ചവരിൽ  ഓക്സിജൻ നൽകേണ്ടി വരുന്ന രോഗികളുടെ എണ്ണം മുൻ വകഭേദങ്ങളെക്കാൾ കുറവ് ആണെന്നും പഠനം പറയുന്നു. ഭൂരിപക്ഷം രോഗികളിലും വളരെ നേരിയ ലക്ഷണങ്ങൾ മാത്രമാണുണ്ടാകുന്നത്. ഒമിക്രോൺ വൈറസിനെതിരെ ഇപ്പോഴുള്ള വാക്‌സിനുകൾ പൂർണ്ണ പരാജയം ആകില്ലെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി.  

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ  കുട്ടികളുടെ കാര്യത്തിൽ ജാഗ്രത തുടരണമെന്ന് ആരോഗ്യ വിദഗ്ധർ നേരത്തെ നി‍‍ർദേശം നൽകിയിരുന്നു. മാതാപിതാക്കൾ നിർബന്ധമായും വാക്സീൻ സ്വീകരിച്ചിരിക്കണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതിനിടെ ഘാനയെയും ടാൻസാനിയയെയും ഉൾപെടുത്തി ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടിക കേന്ദ്ര സർക്കാർ പുതുക്കി ഇറക്കി. വിദേശത്തു നിന്ന്  മഹാരാഷ്ട്രയിൽ എത്തിയ 120 പേരെ മുംബൈയിൽ കണ്ടെത്താനാകാത്തത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.

നേരത്തെ അമേരിക്കൻ പ്രസിഡൻ്റിൻ്റെ ആരോ​ഗ്യഉപദേഷ്ടാവ് ആൻ്റണിയോ ഫൗസിയും ഒമിക്രോൺ കടുത്ത വെല്ലുവിളിയാവില്ലെന്ന അഭിപ്രായപ്പെട്ടിരുന്നു. ഒമിക്രോൺ വൈറസിനെക്കുറിച്ചുള്ള ആദ്യഘട്ട പഠനങ്ങൾ വ്യക്തമാക്കുന്നത് ഡെൽറ്റ വൈറസിനോളം അതു അപകടകരമല്ലെന്നാണ്. അതേസമയം ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ ബാ​ധിച്ചവരുടെ കേസുകൾ കുത്തനെ കൂടിയെങ്കിലും പുതിയ കേസുകൾക്ക് ആനുപതികമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടിയില്ലെന്നാണ് കണക്കുകൾ. അതിവേ​ഗം വ്യാപിക്കുന്നുവെങ്കിലും കാര്യമായ ആരോ​ഗ്യപ്രശ്നങ്ങളോ മരണനിരക്കിലെ വർധനയോ ഒമിക്രോണിലുണ്ടായില്ലെന്ന് ദക്ഷിണാഫ്രിക്കയിലെ ആരോ​ഗ്യവിദ​ഗ്ദ്ധ‍ർ വ്യക്തമാക്കിയിരുന്നു. ഒമിക്രോൺ വ്യാപനം ഇന്ത്യയിലുണ്ടാവാൻ സാധ്യതയുണ്ടെങ്കിലും രണ്ടാം തരം​ഗത്തോളം തീവ്രമായൊരു മൂന്നാം തംര​ഗത്തിന് സാധ്യതയില്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ദ്ധരുടെ പ്രതീക്ഷ.

click me!