
അമരാവതി: കൊവിഡിനെ പേടിച്ച് ഒരമ്മയും മകളും പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ കഴിച്ചു കൂട്ടിയത് 3 വർഷം. 2020 മാർച്ചിൽ കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോൾ ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലെ കുയ്യേരു ഗ്രാമത്തിലെ മണി എന്ന സ്ത്രീയും അവരുടെ 21കാരിയായ മകൾ ദുർഗ ഭവാനിയുമാണ് വീട്ടിനുള്ളിൽ ഒരു ചെറിയ മുറിക്കുള്ളിൽ ഒതുങ്ങിക്കൂടി 3 വർഷം ജീവിച്ചത്.
കൊറോണ വൈറസ് ബാധിക്കുമോ എന്ന ഭയത്താൽ അവർ വീടിന് പുറത്തിറങ്ങുകയോ സൂര്യപ്രകാശം കാണുകയോ മറ്റുള്ളവരെ കാണുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ നാലുമാസമായി മണിയുടെ ഭർത്താവ് സൂരി ബാബുവിനെ പോലും കാണാൻ ഇവർ തയ്യാറായില്ല. സൂരി ബാബുവായിരുന്നു ഇവർക്ക് ഭക്ഷണവും മറ്റും എത്തിച്ചിരുന്നത്.
ഇതോടെ സൂരി ബാബുവാണ് അധികൃതരെ വിവരമറിയിച്ചത്. പൊലീസും ആരോഗ്യപ്രവർത്തകരും എത്തി വാതിൽ തകർത്ത് അകത്തു കടന്നപ്പോൾ മുറിയുടെ മൂലയിൽ പുതപ്പു കൊണ്ട് മൂടിപ്പുതച്ച് ഇരിക്കുകയായിരുന്നു ഇരുവരും. മുറിക്ക് പുറത്തു വരാൻ ഇവർ തയ്യാറായില്ലയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ പുറത്തിറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ത്രീകളുടെ മാനസിക ശാരീരിക ആരോഗ്യ നില പരിശോധിച്ചു വരികയാണെന്ന് ഡോക്ടർമാർ പറഞ്ഞു. ആരോഗ്യനിലയിൽ പ്രശ്നമൊന്നുമില്ല. സൈക്യാട്രിസ്റ്റിന്റെ നിരീക്ഷണത്തിലാണ് ഇവർ ഇപ്പോഴുള്ളതെന്ന് ഡോ ഹേമലത പറഞ്ഞു.
സ്ത്രീകൾ ഇരുവരും കഴിഞ്ഞ 7 വർഷങ്ങളായി സ്കീസോഫ്രീനിയക്ക് ചികിത്സ തേടിയിരുന്നവരാണെന്നും കൊവിഡ് ബാധയെക്കുറിച്ചുള്ള ഭയം ഇവരും രോഗാവസ്ഥ വർദ്ധിപ്പിച്ചിരിക്കാം എന്നും ഡോക്ടർ വ്യക്തമാക്കി. കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് മാസ്ക് ധരിക്കാനും വീടിനുള്ളിൽ തന്ന ഇരിക്കാനും സ്ത്രീകളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ഇവയെല്ലാം ആരംഭിച്ചതെന്ന് സൂരി ബാബു പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam