ദില്ലി: കൊവിഡ് നാലാം തരംഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി രംഗത്ത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ജോഡോ യാത്ര മാറ്റിവെക്കേണ്ടി വരുമെന്ന് കേന്ദ്രം രാഹുൽഗാന്ധിക്ക് കത്തയച്ചു. രാജസ്ഥാനിൽ തുടരുന്ന ജോഡോ യാത്രയിൽ മാസ്കും സാനിറ്റൈസർ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗ്ഗങ്ങളും കർശനമായി പാലിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിക്കും അശോക് ഗഹ്ലോട്ടിനുമാണ് കത്തയച്ചത്.പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കത്തിൽ പറയുന്നു.
ഒരിടവേളയ്ക്ക് ശേഷം ലോകം വീണ്ടും കൊവിഡ് ഭീഷണിയിലാണ്. ചൈനയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു. രോഗികളാൽ ചൈനയിലെ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ആശുപത്രികളിൽ കൂട്ടി ഇട്ടിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സ്മശാനങ്ങളിൽ മൃത്ദേഹങ്ങൾ സംസ്കാരിക്കാനായെത്തിയവരുടെ നീണ്ട നിരയാണ്. എന്നാൽ മരിച്ചവരുടെ കണക്ക് പുറത്ത് വിടാൻ ബെയ്ജിംഗ് തയ്യാറായിട്ടില്ല. ആശുപത്രികളിൽ മെഡിക്കൽ ഓക്സിജൻ അടക്കം അത്യാവശ്യ മരുന്നുകളുടെ ക്ഷാമവും രൂക്ഷമാണ്. അടുത്തിടെയാണ് വൻ ജനകീയ പ്രതിഷേധത്തെ തുടർന്ന് ചൈന കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. ഇതിന് പിറകെയാണ് കൊവിഡ് കേസുകളിലെ വൻ വർധന. ചൈനയെ കൂടാതെ ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രസീൽ എന്നിവടങ്ങളിലും കൊവിഡ് വ്യാപനം വർധിച്ചിട്ടുണ്ട്.
വിദേശരാജ്യങ്ങളിൽ കൊവിഡ് വ്യാപനം, രാജ്യത്ത് വ്യോമ ഗതാഗതത്തിന് നിയന്ത്രണം വേണമെന്ന് കോൺഗ്രസ്
വിദേശ രാജ്യങ്ങളിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ, വ്യോമ ഗതാഗതത്തിന് നിയന്ത്രണം വേണമെന്ന് കോൺഗ്രസ്. രോഗവ്യാപനം കൂടിയ രാജ്യങ്ങളിൽ നിന്നും ആളുകൾ എത്തുന്നത് നിയന്ത്രിക്കണമെന്നും വിമാനങ്ങൾക്ക് നിയന്ത്രണം വേണമെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam