അമ്മ മകനെ വിളിച്ച് 'ശല്ല്യപ്പെടുത്തി' രക്ഷിച്ചത് 25ഓളം തൊഴിലാളികളുടെ ജീവന്‍

By Web TeamFirst Published Feb 14, 2021, 2:47 PM IST
Highlights

അപകടത്തിന് ശേഷം ധൗളിഗംഗ നദിയിലെ വെള്ളം ഉയരുന്നത് കണ്ട അമ്മ മകനോട് ജോലി സ്ഥലത്തുനിന്ന് മാറാന്‍ ആവശ്യപ്പെട്ട് നിരന്തരം ഫോണ്‍ വിളിച്ചു. പര്‍വതം പൊട്ടിയെന്നാണ് അമ്മ ആദ്യം പറഞ്ഞത്. അതുകൊണ്ടുതന്നെ ആദ്യം ഇവരുടെ വിളി മകന്‍ ഗൗരവമായി എടുത്തില്ല. കളിയാക്കുകയും ചെയ്തു.
 

ചമോലി: ഉത്തരാഖണ്ഡില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ അനേകം പേരുടെ ജീവന്‍ രക്ഷിച്ചത് അമ്മയുടെ ഫോണ്‍ വിളി. അപകടം നേരില്‍ കണ്ട മംഗശ്രീ ദേവിയെന്ന അമ്മ, നിര്‍മ്മാണം നടക്കുന്ന സ്ഥലത്തുനിന്ന് മാറാന്‍ മകനോട് ഫോണില്‍ വിളിച്ച് പറഞ്ഞതാണ് പലര്‍ക്കും ജീവിതത്തിലേക്കുള്ള കച്ചിത്തുരുമ്പായത്. മംഗശ്രീയുടെ മകന്‍ വിപുല്‍ കൈരേനിയെന്ന 27കാരന്‍ തപോവനിലെ എന്‍ടിപിസി ജലവൈദ്യുത പദ്ധതിയില്‍ ഡ്രൈവറാണ്. ഇരട്ടിക്കൂലി ലഭിക്കുമെന്നതിനാല്‍ ഞായറാഴ്ചയും ജോലി മുടക്കിയില്ല.

എന്നാല്‍, അപകടത്തിന് ശേഷം ധൗളിഗംഗ നദിയിലെ വെള്ളം ഉയരുന്നത് കണ്ട അമ്മ മകനോട് ജോലി സ്ഥലത്തുനിന്ന് മാറാന്‍ ആവശ്യപ്പെട്ട് നിരന്തരം ഫോണ്‍ വിളിച്ചു. പര്‍വതം പൊട്ടിയെന്നാണ് അമ്മ ആദ്യം പറഞ്ഞത്. അതുകൊണ്ടുതന്നെ ആദ്യം ഇവരുടെ വിളി മകന്‍ ഗൗരവമായി എടുത്തില്ല. കളിയാക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ച്ചയായുള്ള വിളിയില്‍ അപകടം മണത്തു. ഉടന്‍ മറ്റ് തൊഴിലാളികളുമായി വിപുല്‍ അവിടെ നിന്ന് മാറി. അമ്മയുടെ വിളി ഗൗരവമായി എടുത്തിരുന്നില്ലെങ്കില്‍ 25ഓളം തൊഴിലാളികളും താനും പ്രളയത്തില്‍ മരിക്കുമായിരുന്നെന്ന് വിപുല്‍ ഞെട്ടലോടെ പറയുന്നു. ഇവര്‍ തകര്‍ന്നുകിടക്കുന്ന ഗോവണിയിലാണ് അഭയം തേടിയത്.

തന്റെ ജീവിതം വിപുലിന്റെ അമ്മയോട് കടപ്പെട്ടിരിക്കുന്നതായും മാതാപിതാക്കളുടെ മുന്നറിയിപ്പ് അവഗണിക്കരുതെന്നും രക്ഷപ്പെട്ട സന്ദീപ് ലാല്‍ എന്ന ഇലക്ട്രിക് തൊഴിലാളി പറഞ്ഞു. ദുരന്തത്തില്‍ ഇതുവരെ 40പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. 164 പേരെയാണ് കാണാതായത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
 

click me!