
അഹമ്മദാബാദ്: മകളുടെ ഭർത്താവിന്റെ മരണത്തിൽ അമ്മായി അമ്മ അറസ്റ്റിൽ. ഗുജറാത്തിലെ അഹമ്മദാബാദിൽ മരുമകൻ ക്രൂര മർദ്ദനത്തിന് ഇരയായി മരിച്ച സംഭവത്തിലാണ് ഭാര്യാമാതാവ് അറസ്റ്റിലായത്. ചൂതാട്ടം, മർദ്ദനം അടക്കം നിരവധി കേസുകളിൽ പ്രതിയായ 27കാരൻ പർവേശ് ലാൽജി തട്വി ശനിയാഴ്ചയാണ് തലയ്ക്കേറ്റ പരിക്കിനേ തുടർന്ന് ആശുപത്രിയിൽ വച്ച് മരിച്ചത്. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു 27കാരൻ. 27കാരന്റെ മരണത്തിന് പിന്നാലെയാണ് ഭാര്യയുടെ അമ്മയായ ഡിന ജഗ്ദീഷ് വേഗ്ദയെ പൊലീസ് അറസ്റ്റ് ചെയ്തത്. പർവേശ് ലാൽജി തട്വിയിൽ നിന്ന് ഗാർഹിക പീഡനം പതിവായതിന് പിന്നാലെ ഡിനയുടെ മകൾ അമ്മയ്ക്കൊപ്പമായിരുന്നു താമസം.
വെള്ളിയാഴ്ച രാത്രി ഡിനയുടെ വീട്ടിലേക്ക് എത്തിയ 27കാരൻ ഉടനടി ഭാര്യ തനിക്കൊപ്പം തിരികെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി. വാക്കേറ്റം കയ്യേറ്റത്തിലേക്ക് കടക്കുകയും 27കാരൻ ഭാര്യയേയും ഭാര്യാമാതാവിനേയും ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഡിന മരുമകന്റെ തലയിൽ കല്ലെടുത്ത് അടിക്കുകയായിരുന്നു. ബോധം കെട്ട് വീണ 27കാരനെ ഇവർ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.