
ന്യൂഡല്‍ഹി: ഇന്ത്യയും മദ്ധ്യപൂര്‍വ ദേശത്തെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന പുതിയ ഗതാഗത സംവിധാനം സംബന്ധിച്ചുള്ള സാധ്യതാ പഠനത്തിന് ഡല്‍ഹിയില്‍ ആരംഭിച്ച ജി20 ഉച്ചകോടിയില്‍ ധാരണയാവും. അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും പിന്തുണയോടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് വന്‍ സാധ്യതകളാണ് കല്‍പിക്കപ്പെടുന്നത്. ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയും യുഎഇയിലും കടന്നുപോകുന്ന റെയില്‍, കപ്പല്‍ ഗതാഗത സംവിധാനങ്ങളാണ് പദ്ധതിയുടെ ഭാഗമായി ആലോചിക്കുന്നത്.
ശനിയാഴ്ച നടക്കുന്ന ജി20 സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇത് സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ ഇന്ന് ഒപ്പ് വെയ്ക്കുമെന്ന് അമേരിക്കന്‍ പ്രതിനിധികള്‍ അറിയിച്ചു. സമുദ്രാന്തര്‍ഭാഗത്തു കൂടിയുള്ള പുതിയ കേബിള്‍ സ്ഥാപിക്കുന്നതും എനര്‍ജി ട്രാന്‍സ്‍പോര്‍ട്ട് സംവിധാനങ്ങളും ഇതിന്റെ ഭാഗമാണ്. പദ്ധതിയുടെ ഭാഗമായ രാജ്യങ്ങളില്‍ മാസങ്ങളായി നടന്നുവരുന്ന ആലോചനകള്‍ക്ക് ധാരണാപത്രത്തോടെ ഔദ്യോഗിക സ്വഭാവം കൈവരും. അതേസമയം സാമ്പത്തിക ബാധ്യത പോലുള്ള കാര്യങ്ങളിലേക്ക് ചര്‍ച്ചകള്‍ തത്കാലം ചര്‍ച്ചകള്‍ നീങ്ങില്ല.
ഇന്ത്യയില്‍ നിന്ന് മിഡില്‍ ഈസ്റ്റിലേക്കും യൂറോപ്പിലേക്കും വാണിജ്യ ചരക്കുകളും ഇന്ധനവും ഡേറ്റയും കൈമാറുന്നതിനുള്ള നടപടികള്‍ എളുപ്പമാക്കുന്ന നീക്കമാവും ഇതെന്ന് യുഎസ് ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡ്വൈസര്‍ ജോണ്‍ ഫിനര്‍ ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ചരിത്രപരമായ പദ്ധതിയാണ് ഇതെന്നും ഇന്ത്യയും അറേബ്യന്‍ ഗള്‍ഫും യൂറോപ്പും തമ്മില്‍ നേരിട്ടുള്ള കണക്ഷനായി മാറുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് അറിയിച്ചു.
അതേസമയം ജി20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനമായ ദില്ലിയില്‍ പ്രൗഢമായ തുടക്കമായി. ഉച്ചകോടിക്കായി ദില്ലിയിലെത്തിയ ലോക നേതാക്കളേയും പ്രത്യേക ക്ഷണിതാക്കളേയും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളന വേദിയായ ഭാരത് മണ്ഡപത്തിലെ ലീഡേഴ്‌സ് ലോഞ്ചില്‍ കൊണാര്‍ക്ക് ചക്രത്തിന്‍റെ മാതൃകക്ക് മുന്നില്‍ വച്ച് സാംസ്‌കാരിക തനിമയോടെ സ്വീകരിച്ചു. ദില്ലിയിലേക്ക് ലോക നേതാക്കളുടെയും പ്രത്യേക ക്ഷണിതാക്കളുടേയും വരവ് തുടരുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ തുടങ്ങി നിരവധി രാജ്യത്തലവന്‍മാര്‍ ഇന്നലെ ദില്ലിയില്‍ എത്തിച്ചേര്‍ന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam