
ദില്ലി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിൽ ദില്ലിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണം നടന്നു. നയതന്ത്രർക്ക് അനുശോചനം രേഖപ്പെടുത്താൻ എംബസിയിൽ സൗകര്യമൊരുക്കിയിരുന്നു. എംബസിയിലുള്ള പുസ്തകത്തിൽ ഇന്നും നാളെയും ഒൻപതാം തീയതിയും അനുശോചനം രേഖപ്പെടുത്താം. അതേസമയം, ഇസ്രയേലും അമേരിക്കയും ഇറാനിൽ നടത്തുന്ന ആക്രമണങ്ങൾ ആറാം ദിവസത്തിലേക്ക് കടന്നു. തലസ്ഥാനമായ ടെഹ്റാൻ ഉൾപ്പെടെ 150 ലധികം ഇറാനിയൻ നഗരങ്ങളിൽ ഇതുവരെ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്.
ആക്രമണത്തിൽ ഇറാനിൽ മരണം 1100 കടന്നു. അയ്യായിരത്തിലേറെ പേർക്ക് പരിക്കേറ്റു. ഇറാന്റെ മിസൈൽ, ഡ്രോൺ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതിലാണ് ഇപ്പോൾ പ്രധാനമായും അമേരിക്കയും ഇസ്രയേലും ശ്രദ്ധയൂന്നുന്നത്. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ വരും മണിക്കൂറുകളിൽ കൂടുതൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുമെന്ന് ഇറാൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെയത്ര ഇല്ലെങ്കിലും ഗൾഫ് മേഖലയിലേക്ക് ഇറാന്റെ ആക്രമണം തുടരുന്നു. മിസൈലുകൾ ഇന്നും തടഞ്ഞതായി സൗദി അറിയിച്ചു. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം ശക്തമായി തുടരുകയാണ്. ഇതുവരെ നൂറോളം പേർ കൊല്ലപ്പെട്ടു. ലോകത്തിലെ പ്രധാന എണ്ണ പാതയായ ഹോർമുസ് കടലിടുക്ക് ഇപ്പോഴും സ്തംഭനത്തിലാണ്. കപ്പലുകൾ കത്തിക്കുമെന്ന ഇറാന്റെ ഭീഷണിയെത്തുടർന്ന് ആഗോള എണ്ണ വിതരണം സ്തംഭനാവസ്ഥയിലായി.
അതിനിടെ, കുവൈറ്റ് തീരത്ത് ഒരു എണ്ണ ടാങ്കറിൽ സ്ഫോടനവും ഇന്ധന ചോർച്ചയും ഉണ്ടായെന്ന സമൂഹ മാധ്യമപ്രചാരണം കുവൈത്ത് നിഷേധിച്ചു. കുവൈത്തിന്റെ സമുദ്ര മേഖലയ്ക്ക് പുറത്താണ് സംഭവമെന്ന് കുവൈത്ത് അറിയിച്ചു. വൻ തകർച്ച നേരിട്ട ഏഷ്യൻ ഓഹരി വിപണികളിൽ ഇന്ന് തിരിച്ചു വരവിന്റെ സൂചനകളാണ് കാണിക്കുന്നത്. ഇന്ത്യൻ വിപണിയിലും ഇന്ന് തകർച്ചയില്ല. ഗൾഫിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കൂട്ടി. സ്‌പൈസ് ജെറ്റ് അടക്കം കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു.
ശ്രീലങ്കൻ തീരത്ത് അമേരിക്ക മുക്കിയ ഇറാൻ യുദ്ധക്കപ്പലിൽ നിന്ന് 87 മൃതദേഹങ്ങൾ കണ്ടെടുത്തു. 32 പേരെയാണ് ലങ്കൻ നാവികസേന രക്ഷിച്ചത്. അമേരിക്കൻ സൈനിക അന്തർവാഹിനിയിൽനിന്നുള്ള ടോർപിഡോ ആണ് ഐആർഐഎസ് ദേനയെ തകർത്തത്. വിശാഖപട്ടണത്ത് നടന്ന സൈനിക ആഭ്യാസത്തിനു ശേഷം മടങ്ങിയ കപ്പൽ തകർത്തതിൽ ഇതുവരെയും ഇന്ത്യ പ്രതികരിച്ചിട്ടില്ല.
അതേസമയം, ഡൊണാൾഡ് ട്രംപിന്റെ യുദ്ധാധികാരങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പ്രമേയം അമേരിക്കൻ സെനറ്റ് വോട്ടിനിട്ട് തള്ളി. ഗൾഫ് മേഖലയിലേക്ക് ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം ആറാം ദിവസവും തുടരുകയാണ്. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പൽ ഐറിസ് ദേനയാണ് അന്തർവാഹിനി ആക്രമണത്തിൽ തകർന്നത്. ശ്രീലങ്കൻ തീരത്തിനരികെ വരെ സംഘർഷം വ്യാപിച്ചതിൽ നിരവധി ശ്രീലങ്കൻ നേതാക്കൾ ആശങ്ക രേഖപ്പെടുത്തിയിരുന്നു. അതേസമയം, അമേരിക്കൻ സൈന്യം ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നു എന്ന വാർത്തകൾ വ്യാജമാണെന്ന് വിദേശകാര്യമന്ത്രാലയം ഇന്നലെ വ്യക്തമാക്കി.
1945ൽ രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ആദ്യമായാണ് യുഎസ് ടോര്‍പ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകർക്കുന്നത്. ഇറാനിയൻ നാവികസേനയിലെ പ്രധാനപ്പെട്ട യുദ്ധക്കപ്പലുകളിലൊന്നായിരുന്നു ഐറിസ് ദേന. ബുധനാഴ്ച ശ്രീലങ്കയുടെ തെക്കൻ തീരത്ത് വെച്ചാണ് 180 പേരടങ്ങുന്ന ഒരു ഇറാനിയൻ നാവിക കപ്പലിന് നേരെ യുഎസ് ടോർപ്പിഡോ അറ്റാക്ക് നടത്തിയത്. കപ്പൽ കടലിൽ മുങ്ങിയതായും 32 പേരെ രക്ഷപ്പെടുത്തിയതായും വാർത്താ ഏജൻസിയായ റോയിട്ടേഴസ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam