
ഗുവാഹത്തി: അസമിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് വൻതിരിച്ചടി. പാർട്ടിയിലെ മൂന്ന് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. മറ്റ് രണ്ട് എംഎൽഎമാർ റൈജോർ ദളിലേക്കും ചേക്കേറി. ബിജെപിയിൽ ചേരുന്ന മൂന്ന് എംഎൽഎമാരുടെ പേരുകൾ മുഖ്യമന്ത്രി ഡോ ഹിമന്ത ബിശ്വ ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു. റാഹ എംഎൽഎ ശശികാന്ത ദാസ്, മംഗ്ലഡോയ് എംഎൽഎ ബസന്ത ദാസ്, കരിംഗഞ്ച് നോർത്ത് എംഎൽഎ കമലാക്ഷ ദേവ് പുർകയസ്ത എന്നിവരാണ് ബിജെപിയിൽ ചേർന്നത്. അബ്ദുർ റാഷിദ് മണ്ഡൽ, ഷെർമാൻ അലി എന്നിവർ റൈജോർ ദളിൽ ചേർന്നു. സസ്പെൻഡ് ചെയ്യപ്പെട്ട മൂന്ന് എംഎൽഎമാരാണ് ബിജെപി അംഗത്വം എടുത്തത്. ഗുവാഹത്തിയിൽ പാർട്ടി അസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇവരെ സ്വീകരിച്ചു. മുൻ പിസിസി അധ്യക്ഷൻ നേരത്തെ ബിജെപിയിലേക്ക് പോയിരുന്നു.
അസം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 42 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക എ.ഐ.സി.സി ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നു. 42 പേരുടെ പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പേരുകളിൽ അസം കോൺഗ്രസ് പ്രസിഡന്റ് ഗൗരവ് ഗൊഗോയ് (ജോർഹട്ട്), പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ (നസീറ), കോൺഗ്രസ് എംഎൽഎമാരായ നന്ദിത ദാസ് (ഹാജോ-സുവൽകുച്ചി), ദിഗന്ത ബർമൻ (ബാർഖേത്രി) എന്നിവരും ഉൾപ്പെടുന്നു.
ഗുവാഹത്തിയിലെ ദിസ്പൂർ നിയോജക മണ്ഡലത്തിൽ നിന്ന് അസം പ്രദേശ് മഹിളാ കോൺഗ്രസ് അധ്യക്ഷ മീരാ ബൊർത്താക്കൂർ ഗോസ്വാമിയെ നാമനിർദേശം ചെയ്തു. കോൺഗ്രസ് എംപിമാരായ റാക്കിബുൾ ഹുസൈൻ്റെയും പ്രദ്യുത് ബോർഡോലോയിയുടെയും മക്കളായ യുവനേതാക്കളായ തൻസിൽ ഹുസൈനും പ്രതീക് ബോർഡലോയിയും യഥാക്രമം സമാഗുരിയിൽ നിന്നും മാർഗരിറ്റയിൽ നിന്നും ടിക്കറ്റ് നേടി.
മാർച്ച് പകുതിയോടെ കേരളമുൾപ്പെടെയുള്ള സംസ്ഥാന തെരഞ്ഞെടുപ്പിന്റെ തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും. തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും. അഞ്ച് മുതൽ ഏഴ് വരെ ഘട്ടങ്ങളിലായിരിക്കാം തെരഞ്ഞെടുപ്പ്. ഇത്തവണ ബംഗാളിൽ പോളിംഗ് ഘട്ടങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് ഇസിഐ ആദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും, ഇപ്പോൾ ഷെഡ്യൂൾ ചുരുക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാണെന്നാണ് വിലയിരുത്തൽ. ആറ് ഘട്ടങ്ങളിൽ താഴെയായി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്ന് ആഭ്യന്തര വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു. 2021 ൽ, കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ എട്ട് ഘട്ടങ്ങളായും 2016 ൽ ആറ് ഘട്ടങ്ങളിലായും പോളിംഗ് നടന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam