
ദില്ലി: അദാനിയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ വിമർശനങ്ങളിൽ ലോക് സഭ അവകാശ സമിതി തുടർ നടപടികളിലേക്ക്. പരാതിക്കാരനായ നിഷികാന്ത് ദുബെ എംപിയുടെ മൊഴി സമിതി നേരിട്ടെടുക്കും. സമിതിക്ക് മുൻപാകെ തനിക്ക് പറയാനുള്ള കാര്യങ്ങൾ രാഹുൽ ഗാന്ധി എഴുതി നൽകിയിരുന്നു. തുടർഘട്ടത്തിൽ രാഹുൽ ഗാന്ധിയേയും വിളിച്ചു വരുത്തിയേക്കും. രാഹുൽ ഗാന്ധിക്കെതിരായ അവകാശലംഘന നോട്ടീസിനെ സംയുക്തമായി ചെറുക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
ത്രിപുരയിലെ രാഷ്ട്രീയ സംഘർഷമേഖലകൾ സന്ദർശിക്കാൻ ഇടത് കോൺഗ്രസ് പ്രതിനിധി സംഘം ഇന്ന് വൈകിട്ടോടെ സംസ്ഥാനത്തെത്തും. രണ്ട് ദിവസമാണ് എംപിമാർ അടങ്ങുന്ന എട്ടംഗ സംഘം ത്രിപുര സന്ദർശിക്കുക.എളമരം കരീം, ബിനോയ് വിശ്വം, എ.എ. റഹീം എന്നിവർ ഇടത് പാർട്ടികളെയും ഗൗരവ് ഗോഗോയ് , രഞ്ജിത്ത് രഞ്ജൻ തുടങ്ങിയവർ കോൺഗ്രസിനെ പ്രതിനിധികരിച്ചും സംഘത്തിലുണ്ട്. ത്രിപുര ഗവർണറുമായുംകൂടികാഴ്ച നടത്തുന്ന സംഘം റിപ്പോർട്ട് തയ്യാറാക്കി ഗവർണർക്കും കേന്ദ്ര സർക്കാറിനും സമർപ്പിക്കും.വിഷയം പാർലമെൻറിൽ ഉയർത്തുമെന്നും പാർട്ടികൾ അറിയിച്ചിട്ടുണ്ട്. ബിജെപിയാണ് സംസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആക്രമണം നടത്തുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.
ദില്ലി: പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ആവശ്യപ്പെട്ട് ബിആർഎസ് നേതാവ് കെ കവിതയുടെ നേതൃത്വത്തിൽ ഇന്ന് ദില്ലിയിൽ നിരാഹാര സമരം സംഘടിപ്പിക്കും. രാവിലെ മുതൽ വൈകീട്ട് വരെ ജന്തർ മന്തറിലാണ് സമരം. 18 പ്രതിപക്ഷ പാർട്ടി നേതാക്കളും വനിതാ സംഘടനകളും സമരത്തിൽ പങ്കെടുക്കും. ഉത്ഘാടന ചടങ്ങിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. ശനിയാഴ്ച മദ്യനയ കേസിൽ ഇഡിക്ക് മുന്നില് ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെയാണ് കവിത ദില്ലിയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. അതേസമയം സമരവേദി ജന്തർ മന്തറിൽനിന്നും മാറ്റണമെന്ന് ദില്ലി പോലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ സമരവുമായി മുന്നോട്ട് പോവുകയാണെന്നാണ് കവിതയുടെ നിലപാട്.
അതേസമയം കെ കവിതയുടെ ധർണ്ണയെ ചൊല്ലി പ്രതിപക്ഷത്ത് ഭിന്നതയുണ്ട്. ധർണ്ണയിൽ നിന്ന് കോൺഗ്രസ് വിട്ടു നില്ക്കും എന്നാണ് സൂചന. ഭാരത് ജോഡോ യാത്രയിൽ ടിആർഎസ് പങ്കെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പരിപാടി ഒഴിവാക്കുന്നത്. വനിത സംവരണ ബിൽ രാജ്യസഭയിൽ പാസാക്കിയത് സോണിയ ഗാന്ധിയെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam