
ഹൈദരാബാദ്: സിനിമ തുടങ്ങി പത്തുമിനിറ്റിനുള്ളിൽ പ്രദർശനം റദ്ദാക്കിയതിന് തീയേറ്റർ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. ഹൈദരാബാദിലെ ജില്ലാ ഉപഭോക്തൃ കമ്മീഷനാണ് ഹൈദരാബാദിലെ പിവിആർ ഐനോക്സ് തീയേറ്ററിനെതിരേ ഉത്തരവ് പുറപ്പെടുവിച്ചത്. പിവിആർ ഐനോക്സ് 6,000 രൂപ ഉപഭോക്താവിന് നൽകണമെന്നാണ് കമ്മീഷന്റെ നിർദേശം. നഷ്ടപരിഹാരമായി 5000 രൂപയും നിയമവ്യവഹാരത്തിനുള്ള ചെലവുകൾക്കായി ആയിരം രൂപയും നൽകണമെന്നാണ് ഉത്തരവ്.
പി. പ്രശാന്ത് എന്നയാളാണ് സിനിമ പ്രദർശനം റദ്ദാക്കിയതിൽ പിവിആർ ഐനോക്സിനെതിരേ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. 2026 ജനുവരി 26-നായിരുന്നു സംഭവം. ഹോങ്കോങ് വാരിയേഴ്സ് എന്ന തെലുഗു ചിത്രത്തിനാണ് പ്രശാന്ത് ബുക്ക്മൈഷോ വഴി പിവിആർ ഐനോക്സിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. 173 രൂപയായിരുന്നു ബുക്ക്മൈഷോ വഴിയുള്ള ടിക്കറ്റ് നിരക്ക്. തുടർന്ന് കൃത്യസമയത്ത് പരാതിക്കാരൻ തീയേറ്ററിലെത്തി. എന്നാൽ, ഷോ ആരംഭിച്ച് പത്തുമിനിറ്റ് പിന്നിട്ടപ്പോഴാണ് ഷോ റദ്ദാക്കുന്നതായി തീയേറ്റർ ജീവനക്കാർ അറിയിച്ചത്. ആളുകൾ കുറവായതിനാലാണ് പ്രദർശനം റദ്ദാക്കുന്നതെന്നായിരുന്നു ജീവനക്കാരുടെ ആദ്യവിശദീകരണം. എന്നാൽ, സാങ്കേതിക തകരാർ കാരണമാണ് പ്രദർശനം റദ്ദാക്കിയതെന്ന് പിന്നീട് അറിയിച്ചു. മുന്നറിയിപ്പില്ലാതെ ഷോ റദ്ദാക്കിയത് തനിക്ക് മാനസികമായി വിഷമമുണ്ടാക്കിയെന്നും ബുദ്ധിമുട്ടായെന്നും ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
സംഭവത്തിൽ ബുക്ക്മൈഷോയ്ക്കും തീയേറ്റർ അധികൃതർക്കും ആദ്യം പരാതി നൽകിയെങ്കിലും തൃപ്തികരമായ മറുപടി കിട്ടിയില്ല. ഇതോടെയാണ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചതെന്നായിരുന്നു പരാതിക്കാരന്റെ പ്രതികരണം. സേവനത്തിൽ വീഴ്ച വരുത്തിയതിനും മാനസികപ്രയാസത്തിനും 50,000 രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു പ്രശാന്തിന്റെ ആവശ്യം. കോടതിച്ചെലവുകൾക്കായി 25,000 രൂപയും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പരാതിക്കാരന്റെ ആരോപണങ്ങൾ പിവിആർ ഐനോക്സ് കമ്മീഷന് മുന്നിൽ നിഷേധിച്ചു. ഔഡി 06 സ്ക്രീനിലെ സാങ്കേതിക തകരാർ കാരണമാണ് ഷോ റദ്ദാക്കിയത്. എൻജിനീയറിങ് ടീം തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതോടെയാണ് ഷോ റദ്ദാക്കിയത്. മാത്രമല്ല, ഷോ റദ്ദാക്കിയതിന് 100 ശതമാനം റീഫണ്ടും മറ്റൊരു ഷോയ്ക്കുള്ള ടിക്കറ്റും വാഗ്ദാനം ചെയ്തിരുന്നതായും തീയേറ്റർ അധികൃതർ വ്യക്തമാക്കി. ടിക്കറ്റ് തുക റീഫണ്ട് ചെയ്തതിനാൽ കൂടുതൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നും തീയേറ്റർ വാദിച്ചു. എന്നാൽ, സാങ്കേതിക തകരാർ കാരണമാണ് ഷോ റദ്ദാക്കിയതെന്ന് വാദിച്ചെങ്കിലും ഇത് തെളിയിക്കുന്ന തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് ഉപഭോക്തൃ കമ്മീഷൻ നിരീക്ഷിച്ചു. ആദ്യം ആളില്ലാത്തതിനാലാണ് ഷോ റദ്ദാക്കുന്നതെന്നാണ് തീയേറ്ററുകാർ പറഞ്ഞത്. പിന്നീട് സാങ്കേതിക തകരാറാണെന്നും പറഞ്ഞു. ഇത് രണ്ടും വിശ്വസനീയമല്ല. മാത്രമല്ല, സാങ്കേതിക തകരാർ സംഭവിച്ചതിന് മതിയായ തെളിവുകളോ റിപ്പോർട്ടുകളോ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. തുടർന്നാണ് ആറായിരം രൂപ പരാതിക്കാരന് നൽകാൻ നിർദേശിച്ചത്. 45 ദിവസത്തിനുള്ളിൽ പണം നൽകണമെന്നും ഉത്തരവിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam