കേന്ദ്രസർക്കാരിൽ അഴിച്ചു പണി: വിദ്യാഭ്യാസ, തൊഴിൽ മന്ത്രിമാർ രാജിവച്ചു, രാജീവ് ചന്ദ്രശേഖർ മന്ത്രിയാവും

By Web TeamFirst Published Jul 7, 2021, 2:08 PM IST
Highlights

മന്ത്രിസഭാ പുനസംഘടനുമായി ബന്ധപ്പെട്ട ചർച്ചകൾ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പുരോ​ഗമിക്കുകയാണ്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവ‍ർ പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിൽ എത്തിയിട്ടുണ്ട്. 

ദില്ലി: രണ്ടാം മോദി  സര്‍ക്കാരിന്‍റെ ആദ്യ പുനസംഘടന ഇന്ന്  വൈകിട്ട് നടക്കും. ആറ് മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നാണ് അറിയിപ്പ്. പുതുമുഖങ്ങളും പ്രമോഷൻ കിട്ടിയ സഹമന്ത്രിമാരുമടക്കം 43 പേർ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. പുനസംഘടനയില്‍ 28 പുതുമുഖങ്ങള്‍ ഇടംപിടിച്ചേക്കും. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ചെറുപ്പമേറിയ മന്ത്രിസഭയായി രണ്ടാം മോദി സ‍ർക്കാ‍ർ പുനസംഘടനയോടെ മാറുമെന്നും 13 വനിതകളെങ്കിലും പുനസംഘടനയുടെ ഭാ​ഗമായി മന്ത്രിമാരാവും എന്നും റിപ്പോ‍ർട്ടുകളുണ്ട്. 

മന്ത്രിസഭാ പുനസംഘടനുമായി ബന്ധപ്പെട്ട ചർച്ചകൾ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പുരോ​ഗമിക്കുകയാണ്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവ‍ർ പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിൽ എത്തിയിട്ടുണ്ട്. മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യതയുള്ള പലരേയും രാവിലെ മുതൽ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വിളിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ജ്യോതിരാതിദ്യസിന്ധ്യ, രാജീവ് ചന്ദ്രശേഖർ, സർബാനന്ദ സോനോവാൾ,.ഭൂപേന്ദ്രർ യാദവ്, മീനാക്ഷി ലേഖി, അനുപ്രിയ പട്ടേൽ, അജയ് ഭട്ട്, ശോഭ കരന്തലജെ, സുനിത ഡുഗെ, പ്രീതം മുണ്ടെ, ശാന്തനു താക്കൂർ, നാരയണ് റാണെ, കപിൽ പട്ടീൽ, എൽജെപി നേതാവ് പശുപതി നാഥ് പരസ്, ആർസിപി സിംഗ്, അശ്വിനി വൈഷ്ണവ്, വിജയ് ശങ്കർ എന്നിവരെല്ലാം രാവിലെ ലോക് കല്ല്യാണ് മാർഗ്ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി. 

നിലവിൽ മോദി സർക്കാരിൽ സഹമന്ത്രിമാരായ അനുരാഗ് താക്കൂർ,ജി കിഷൻ റെഡ്ഡി, പർഷോതം രുപാല എന്നിവരും രാവിലെ പ്രധാനമന്ത്രിയുടെ വസതിയിലെത്തി. ഇവർക്കെല്ലാം പുനസംഘടനയുടെ ഭാഗമായി പ്രമോഷൻ ലഭിച്ചേക്കും എന്നാണ് കരുതുന്നത്.

വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാലും, തൊഴിൽ മന്ത്രി  സന്തോഷ് ഗാംഗ്വറും,  കേന്ദ്രരാസവളം വകുപ്പ് മന്ത്രി സദാനന്ദ ഗൌഡയും ഇതിനോടകം രാജിവച്ചിട്ടുണ്ട്. അദ്ദേഹത്തിന് പകരം കർണാടകത്തിൽ നിന്നുള്ള ശോഭാ കരന്തലജ മന്ത്രിസഭയിൽ ഇടം നേടിയേക്കും. സഹമന്ത്രിമാരായ അനുരാ​ഗ് കശ്യപ്, പുരുഷോത്തം കൃപാല തുടങ്ങിയ മന്ത്രിമാ‍ർ ക്യാബിനറ്റ് മന്ത്രിയാവും എന്നാണ് വിവരം. 

മീനാക്ഷി ലേഖി മന്ത്രിസഭയിലേക്ക് വന്നാൽ ഹ‍ർഷവ‍ർധനെ ആരോ​ഗ്യമന്ത്രിസ്ഥാനത്ത് നിന്നും മാറ്റാൻ സാധ്യതയുണ്ട്. രണ്ടാം കൊവിഡ് തരം​ഗത്തിൽ ആരോ​ഗ്യമന്ത്രാലയത്തിൻ്റെ പ്രവ‍ർത്തനം പാളിപ്പോയി എന്ന വിമർശനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ മാറ്റാൻ ഉദ്ദേശിക്കുന്നത്.  ഏറ്റവും ആകാംക്ഷ നിലനിൽക്കുന്നത് ധനമന്ത്രിയുടെ കാര്യത്തിലാണ്. നി‍ർമ്മലാ സീതാരാമൻ ഇനി ധനമന്ത്രാലയത്തിൽ തുടരില്ലെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നുണ്ട്. 

തെരഞ്ഞെടുപ്പിൽ ബിജെപി മോശം പ്രകടനം നടത്തിയ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർക്ക് പദവി നഷ്ടപ്പെട്ടേക്കാം എന്ന വാർത്ത ആദ്യം വന്നെങ്കിലും കേരളത്തിൽ നിന്നുള്ള വി.മുരളീധരന് മന്ത്രിസഭാ പുനസംഘടനയുടെ ഭാ​ഗമായി പ്രമോഷൻ കിട്ടിയേക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. മന്ത്രിസഭാ പുനസംഘടനയുടെ ഭാ​ഗമായി മുഴുവൻ മന്ത്രിമാരുടെ പ്രവ‍ർത്തനം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തിയിരുന്നു. കൊവിഡ് സാഹചര്യത്തിലെ മന്ത്രിമാ‍രുടെ പ്രകടനമാണ് പ്രധാനമായും വിലയിരുത്തപ്പെട്ടത്. 

വിദേശകാര്യമന്ത്രിയെന്ന നിലയിൽ വി.മുരളീധരൻ നടത്തിയ പ്രവ‍ർത്തനം മെച്ചപ്പെട്ടതാണെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ സഹമന്ത്രി സ്ഥാനത്ത് നിന്നും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി ഉയ‍ർത്തിയേക്കും എന്നാണ് വിവരം. നിലവിൽ വിദേശകാര്യ-‌പാർലമെൻ്റി വകുപ്പ് സഹമന്ത്രിയായി പ്രവ‍ർത്തിക്കുന്ന അദ്ദേഹത്തിന് ടൂറിസം വകുപ്പിൻ്റെ സ്വതന്ത്ര ചുമതല നൽകും എന്നാണ് സൂചന. നേരത്തെ ഒന്നാം മോദി സർക്കാരിൽ അൽഫോൺസ് കണ്ണന്താനം ഇതേ പദവി കൈകാര്യം ചെയ്തിരുന്നു. നടനും രാജ്യസഭാ എംപിയുമായ സുരേഷ് ​ഗോപി മന്ത്രിസഭയിലെത്തുമെന്ന് ആദ്യഘട്ടത്തിൽ അഭ്യൂഹമുണ്ടായെങ്കിലും ഇപ്പോൾ അദ്ദേഹത്തിൻ്റെ പേര് ച‍ർച്ചയിൽ ഇല്ലെന്നാണ് സൂചന.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തിയ മുന്‍ എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ. അസം മുന്‍മുഖ്യമന്ത്രി  സര്‍ബാനന്ദ സോനോവാള്‍., മാഹാരാഷ്ട്രയില്‍ നിന്നുള്ള നാരായണ്‍ റാണേ, അപ്നാദള്‍ നേതവ് അനുപ്രിയ പട്ടേല്‍  തുടങ്ങിയവര്‍ പുതുതായി മന്ത്രിസഭയിലെത്തിയേക്കും. തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഉത്തര്‍പ്രേദേശിന് ആറ് മന്ത്രി സ്ഥാനമെങ്കിലും നല്‍കുമെന്നറിയുന്നു. വരുണ്‍ഗാന്ധിയടക്കമുള്ള നേതാക്കള്‍ ഉത്ത‍ർപ്രദേശിൽ  നിന്നുള്ള പരിഗണന പട്ടികയിലുണ്ടെന്നറിയുന്നു. ജെഡിയു നാല്  മന്ത്രിസ്ഥാനം ചോദിച്ചതായി വിവരമുണ്ട്. 

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ്, 2024ല്‍ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് . കൂടുതല്‍ സംസ്ഥാനങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കി മന്ത്രി സഭ വികസിപ്പിക്കാനാണ് നരേന്ദ്രമോദിയുടെ തീരുമാനം. നിലവില്‍ 53 പേരടങ്ങുന്ന മന്ത്രി സഭയുടെ  അംഗബലം  81 വരെയായേക്കും. അങ്ങനെയെങ്കില്‍ 28 പേര്‍കൂടി ഇടംപിടിച്ചേക്കുമെവന്നാണ് സൂചന. സ്ത്രീകള്‍ക്കും പിന്നാക്കാവിഭാഗങ്ങള്‍ക്കും കൂടുതല്‍  പ്രാതിനിധ്യം നല്‍കുന്ന മന്ത്രിസഭയില്‍ കൂടുകല്‍ യുവാക്കളും കടന്നുവരുമെന്നാണ് വിവരം.

പുനസംഘടനക്ക് മുന്നോടിയായി  എട്ട് സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാരെ സ്ഥലം മാറ്റി ഇന്നലെ ഉത്തരവിറക്കിയിരുന്നു. ഒന്നര വര്‍ഷമായി മിസോറം ഗവര്‍ണ്ണറായ ശ്രീധരന്‍പിള്ള ഗോവക്ക് മാറുമ്പോള്‍ ആന്ധ്രയില്‍ നിന്നുള്ള ഹരി ബാബു കമ്പാട്ടിയാണ് പുതിയ മിസോറം ഗവര്‍ണ്ണര്‍. കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രിയായിരുന്ന തവര്‍ചന്ദ് ഗലോട്ടിനെ കര്‍ണ്ണാടക ഗവര്‍ണ്ണറാക്കിയതോടെ മന്ത്രിസഭ പുനസംഘടനയ്ക്കുള്ള വഴിയൊരുക്കൽ തുടങ്ങിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

click me!