കേന്ദ്രമന്ത്രി പദവി കാത്ത് മഹാരാഷ്ട്രയിലെ എംപിമാര്‍;പ്രതീക്ഷയോടെ ശിവസേന

By Web TeamFirst Published May 29, 2019, 11:00 AM IST
Highlights

കഴിഞ്ഞ തവണ അംഗങ്ങൾ കുറവായിരുന്നുവെന്നും ഇത്തവണ കൂടുതൽ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നുവെന്നും ബിജെപി  നേതാവ് മാധവ് ഭണ്ഡാരി

മുംബൈ: കേന്ദ്രമന്ത്രിസഭയിൽ ഇടം നേടാൻ നേതാക്കളുടെ നീണ്ട നിരയാണ് മഹാരാഷ്ട്രയിൽ. ഇതിൽ അരഡസൻ നേതാക്കൾ ക്യാബിനറ്റ് പദവി ഉറപ്പിച്ച മട്ടാണ്. എൻഡിഎയിൽ ചെറിയ പാർട്ടിയാണെങ്കിലും അർഹമായ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നുവെന്ന് ശിവസേന നേതാവും മുൻ മുഖ്യമന്ത്രിയുമായ മനോഹർ ജോഷി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ശിവസേന ചെറിയപാർട്ടിയാണെന്നും എങ്കിലും ചർച്ചയില്‍ നേരിയ പുരോഗതിയുണ്ടെന്നും മനോഹർ ജോഷി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തവണ അംഗങ്ങൾ കുറവായിരുന്നുവെന്നും ഇത്തവണ കൂടുതൽ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നുവെന്നും ബിജെപി  നേതാവ് മാധവ് ഭണ്ഡാരിയും വ്യക്തമാക്കി. 

ലോക്സഭയും രാജ്യസഭയും കൂടി ചേരുമ്പോൾ മഹാരാഷ്ട്രയിൽ സീനിയോരിറ്റിയും പ്രവർത്തനമികവും പ്രകാരം അർഹരായവ‍ർ അരഡസൻ എംപിമാരാണ്. ആദ്യ മോദി സർക്കാരിൽ ക്യാബിനറ്റിൽ മാത്രം അഞ്ച് പേരാണ് ഇടം നേടിയത്. നിതിൻ ഗഡ്കരി, പീയുഷ് ഗോയൽ, പ്രകാശ് ജാവദേക്കർ, സുരേഷ് പ്രഭു, ശിവസേന പ്രതിനിധി ആനന്ദ് ഗീതെ എന്നിവരാണ് അഞ്ച് പേര്‍. നിയമസഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ നിൽക്കെ ഇത്തവണ ബിജെപി സംസ്ഥാന ഘടകം കൂടുതൽ പ്രാതിനിധ്യമാണ് പ്രതീക്ഷിക്കുന്നത്. 

അതേസമയം മഹാരാഷ്ട്രയിൽ നിന്നുള്ള സീനിയർ നേതാക്കളുടെ നിര ക്യാബിനറ്റ് പദം ലക്ഷ്യമിടുന്ന ദളിത് നേതാവ് രാംദാസ് അത്താവലെക്ക് തിരിച്ചടിയാണ്. എൻഡിഎ നിരയിലെ രണ്ടാമത്തെ കക്ഷിയായ ശിവസേന വലിയ സമ്മർദ്ദത്തിനില്ലെങ്കിലും രണ്ട് ക്യാബിനറ്റ് പദവും ഒരു സഹമന്ത്രിസ്ഥാനവും പ്രതീക്ഷിക്കുന്നുണ്ട്.

ആനന്ദ് ഗീതെ പരാജയപ്പെട്ടതോടെ ശിവസനേ നിരയിൽ നിന്ന് പാർട്ടി സെക്രട്ടറി അനിൽദേശായി, അരവിന്ദ് സാവന്ത്, ഭാവ്ന ഗാവ്ലി എന്നിവർക്കാണ് സാധ്യത കൽപിക്കപ്പെടുന്നത്. ആദ്യ മോദി സർക്കാരിൽ ശിവസേനക്ക് ഒരു മന്ത്രിസ്ഥാനം മാത്രമാണ് ബിജെപി നൽകിയത്.
 

click me!