
കർണാടക: മുഡ ഭൂമി അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം പാർവ്വതിക്കും നഗര വികസന മന്ത്രി ബൈരതി സുരേഷിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി ഭൂമി അഴിമതിക്കേസിൽ 2024 ഒക്ടോബറിലാണ് ഇ.ഡി അന്വേഷണം ആരംഭിക്കുന്നത്. സിദ്ധരാമയ്യ ഒന്നാം പ്രതിയായ കേസിൽ ഭാര്യ ബി.എം പാർവ്വതി, സഹോദരൻ ബി.എം മല്ലികാർജുന സ്വാമി എന്നിവർ യഥാക്രമം രണ്ടും മൂന്നും പ്രതികളാണ്. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലായി മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ് നൽകിയിരുന്നു. കൂടാതെ സിദ്ധരാമയ്യയുടെയും ബന്ധുക്കളുടെയും ഓഫിസിലും വസതികളിലും റെയിഡുകളും നടത്തിയിരുന്നു.
മുഡക്ക് കീഴിൽ 700 കോടിയോളം വിപണി മൂല്ല്യം വരുന്ന അനധികൃത ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് വൻ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടെന്ന് ഡിസംബറിൽ ഇ.ഡി ലോകായുക്തയെ അറിയിച്ചിരുന്നു. എന്നാൽ, മുഡ കേസിൽ ഇ.ഡി അധികാരം ദുർവിനിയോഗം ചെയ്യുകയാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഇതിനു പിന്നിലുള്ളതെന്നും സിദ്ധരാമയ്യ ആരോപിച്ചിരുന്നു. സി.ബി.ഐ, ഇ.ഡി, ലോകായുക്ത എന്നിവിടങ്ങളിൽ നിന്ന് നോട്ടീസ് ലഭിക്കുന്നത് സാധാരണയായ നിയമ പ്രക്രിയകളിൽപ്പെടുന്നതാണെന്നും ഇതിൽ സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ സ്വാധീനമില്ലെന്നും കർണാടക പ്രതിപക്ഷ നേതാവ് ആർ. അശോക് വ്യക്തമാക്കിയിരുന്നു.
read more: 'ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ': ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളുമായി കർണാടക കോൺഗ്രസ്
നോട്ടീസിനു പിന്നിൽ രാഷ്ട്രീയ പ്രേരണ തന്നെയാണെന്ന് ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ ആരോപിച്ചു. ഒരു കേസിൽ ഒരേ സമയം എങ്ങനെയാണ് രണ്ട് ഏജൻസികൾക്ക് അന്വേഷണം നടത്താൻ കഴിയുന്നത്. തനിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഇതാണ് സംഭവിച്ചതെന്നും ലോകായുക്ത അന്വേഷിച്ചിരുന്ന ഒരു കേസിൽ അതേസമയം സി.ബി.ഐ എങ്ങനെയാണ് അന്വേഷണം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത് തീർച്ചയായും രാഷ്ട്രീയപരമായി ഉന്നം വെക്കുന്നതാണെന്നും ഒരേ സമയം ഒരിക്കലും രണ്ട് ഏജൻസികൾക്ക് ഒരു കേസിൽ അന്വേഷിക്കാൻ കഴിയില്ലെന്നും ശിവകുമാർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam