ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ പരിപാടിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ഇതിന്റെ ഭാഗമായി ഗാന്ധിയൻ ആശയങ്ങളിൽ സ്കൂളുകളിലും കോളേജുകളിലും സെമിനാറുകൾ സംഘടിപ്പിക്കുമെന്നും ശിവകുമാർ പറഞ്ഞു.
ബംഗളൂരു: കർണ്ണാടകയിൽ കോൺഗ്രസ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾ നടത്തുമെന്ന് ഉപമുഖ്യമന്ത്രിയും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ഡി.കെ ശിവകുമാർ. ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ പരിപാടിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്. വിവിധ വകുപ്പുകൾ മുഖേന പരിപാടികൾ പ്രഖ്യാപിക്കാനും 224 നിയമസഭാ മണ്ഡലങ്ങളിലായി പാർട്ടി റാലികൾ നടത്താനും മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.
ഇത് കോൺഗ്രസിന്റെ മാത്രം പരിപാടിയല്ല, മഹാത്മാ ഗാന്ധിയുടെ ആശയങ്ങളിൽ വിശ്വസിക്കുന്ന സമൂഹത്തിന്റെയും ആഘോഷമാണ്. ഇതിന്റെ ഭാഗമായി ഗാന്ധിയൻ ആശയങ്ങളിൽ സ്കൂളുകളിലും കോളേജുകളിലും സെമിനാറുകൾ സംഘടിപ്പിക്കുമെന്നും ശിവകുമാർ പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതി അധ്യക്ഷനായി ഗാന്ധി ചുമതലയേറ്റതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ബെലഗാവിയിൽ മെഗാ റാലി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ വിപുലീകരണ റാലികൾ സംഘടിപ്പിക്കണമെന്ന് അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു. എത്ര പേർ ഈ റാലികളിൽ പങ്കെടുക്കുന്നു എന്നതിനേക്കാൾ ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ, അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായി നടത്തിയ കൂടിക്കാഴ്ച `കുടുംബ ചർച്ച'യായിരുന്നെന്നും കോൺഗ്രസ് ഒരു കുടുംബമാണ്, കുടുംബത്തിലെ കാര്യങ്ങൾ പൊതു ഇടങ്ങളിൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രി കസേര സംബന്ധിച്ച ചോദ്യങ്ങളിൽ, കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തിയിരുന്നെന്നും അദ്ദേഹം മറുപടി നൽകി.
