
ദില്ലി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ പാർലമെന്റംഗത്വത്തിൽ നിന്ന് വീണ്ടും അയോഗ്യനാക്കി. ലോക്‌സഭാ സെക്രട്ടറിയേറ്റ് ഇത് വ്യക്തമാക്കിക്കൊണ്ട് ഉത്തരവിറക്കി. വധശ്രമക്കേസിൽ കുറ്റകാരനെന്നുള്ള വിധി കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് ലോക്‌സാഭാംഗത്വം റദ്ദാക്കിയത്. ഹൈക്കോടതി വിധി ഉദ്ധരിച്ചാണ് ലോക്‌സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനമിറക്കിയത്. ഇത് രണ്ടാം വട്ടമാണ് മുഹമ്മദ് ഫൈസലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത്.
വധശ്രമക്കേസിൽ കവരത്തി കോടതി ശിക്ഷ വിധിച്ചതോടെയായിരുന്നു ആദ്യം അയോഗ്യനാക്കപ്പെട്ടത്. പിന്നീട് എംപി സുപ്രീം കോടതിയെ സമീപിച്ച് ശിക്ഷാ വിധിക്ക് സ്റ്റേ നേടി. ഇതിന് ശേഷം എംപി സ്ഥാനം പുനഃസ്ഥാപിച്ചു. കേസ് പിന്നീട് ഹൈക്കോടതിയുടെ പരിഗണനയിൽ വന്നു. എന്നാൽ ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ ഹൈക്കോടതി തയ്യാറാകാതെ വന്നതോടെയാണ് ഇന്ന് ലോക്സഭാ സെക്രട്ടേറിയേറ്റ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
വധശ്രമക്കേസിൽ മുഹമ്മദ് ഫൈസലിനെ പത്തു വർഷത്തേക്കാണ് ശിക്ഷിച്ചത്. ശിക്ഷാ വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി ഇന്നലെ വിധി സ്റ്റേ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. മുഹമ്മദ് ഫൈസൽ അടക്കം നാല് പേരെയാണ് വധശ്രമക്കേസിൽ കവരത്തി കോടതി പത്തുവർഷം തടവിന് ശിക്ഷിച്ചത്. ലോക്സഭാംഗമായിരിക്കെ ഒരു കേസിൽ രണ്ടു വർഷത്തിനു മുകളിൽ ശിക്ഷിക്കപ്പെട്ടാൽ അയോഗ്യനാക്കപ്പെടുമെന്നാണ് നിലവിലെ ചട്ടം.
ഹൈക്കോടതിയുടെ പുതിയ ഉത്തരവനുസരിച്ച് മുഹമ്മദ് ഫൈസൽ അടക്കമുളള പ്രതികൾ തത്കാലം ജയിലിൽ പോകേണ്ട. എങ്കിലും കുറ്റക്കാരായി തുടരും. അയോഗ്യനാക്കപ്പെട്ട സാഹചര്യത്തിൽ മുഹമ്മദ് ഫൈസൽ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam