ബംഗാളില്‍ മമതയ്ക്ക് ഷോക്ക്, 143 തൃണമൂല്‍ നേതാക്കള്‍ ബിജെപിയിലേക്ക്; 'ഓപ്പറേഷന്‍ താമര'യില്‍ സര്‍ക്കാര്‍ വീഴുമോ?

By Web TeamFirst Published May 25, 2019, 11:23 PM IST
Highlights

എതൊക്കെ നേതാക്കളാണ് ബിജെപിയിലേക്ക് ചേക്കേറുകയെന്ന് മുകള്‍ റോയി പറഞ്ഞിട്ടില്ല. വരും ദിവസങ്ങളില്‍ വംഗനാടിന്‍റെ രാഷ്ട്രീയ ചിത്രം കലങ്ങിമറിയുമെന്നാണ് വ്യക്തമാകുന്നത്

കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലുണ്ടായ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാൻ തയ്യാറാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞതിനു പിന്നാലെ തൃണമൂലിനെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. തൃണമൂല്‍ നേതാക്കളെ കൂട്ടത്തോടെ ബിജെപിയിലെത്തിക്കാനുള്ള ഓപ്പറേഷന്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പറേഷന്‍ താമരയിലൂടെ 143 തൃണമൂല്‍ നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് വ്യക്തമാക്കി മമതയുടെ മുന്‍ വിശ്വസ്തനും ബിജെപി നേതാവുമായ മുകുള്‍ റോയി വ്യക്തമാക്കി.

ഒരു ദേശീയ ചാനലിനോടാണ് മുകുള്‍ റോയി ഇക്കാര്യം പറഞ്ഞത്. മമത സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. എതൊക്കെ നേതാക്കളാണ് ബിജെപിയിലേക്ക് ചേക്കേറുകയെന്ന് മുകള്‍ റോയി പറഞ്ഞിട്ടില്ല. വരും ദിവസങ്ങളില്‍ വംഗനാടിന്‍റെ രാഷ്ട്രീയ ചിത്രം കലങ്ങിമറിയുമെന്നാണ് വ്യക്തമാകുന്നത്.

നേരത്തെ ബംഗാളിലെ പരാജയത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയായി തുടരാൻ താല്‍പര്യമില്ലെന്നായിരുന്നു മമത പറഞ്ഞത്. എന്നാൽ താൻ മുഖ്യമന്ത്രിയായി തുടരണമെന്നാണ് പാ‍ർട്ടി ആവശ്യപ്പെടുന്നതെന്നും മമത പറഞ്ഞു. പദവിയും അധികാരവും ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അതിനാൽ തന്നെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് ഞാൻ പാർട്ടിയെ അറിയിച്ചു. പക്ഷെ പാർട്ടി തന്‍റെ ആവശ്യം നിരാകരിക്കുകയായിരുന്നുവെന്നും മമത പറഞ്ഞു.

പണവും അധികാരവും ദുരുപയോഗം ചെയ്താണ് ഇത്തവണ ബിജെപി തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇതിനുള്ള വ്യക്തമായ തെളിവുകൾ തന്‍റെ പക്കലുണ്ട്. മോദിയുടെ വിജയത്തിന് പിന്നിൽ വിദേശ ശക്തികൾ ഇടപെട്ടിട്ടുണ്ടെന്നും മമത ആരോപിച്ചു. തെരഞ്ഞെടുപ്പിനിടയിൽ പോലും രാജ്യത്തുടനീളം വലിയ തോതിൽ പണം ഒഴുകി.  പലരുടെയും ബാങ്കിൽ അനധികൃതമായി പണം എത്തി. തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും മമത മുന്നറിയിപ്പ് നൽകി.വർഗീയതയിലൂന്നിയ പ്രചാരണത്തിനായി ഇലക്ഷൻ കമ്മീഷനെ പോലും ബിജെപി നിയന്ത്രിച്ചുവെന്നും മമത കുറ്റപ്പെടുത്തി.

ബംഗാളിലെ 40 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 22 സീറ്റുകളിലാണ് ഇത്തവണ മമതയുടെ തൃണമൂൽ കോൺഗ്രസിന് വിജയിക്കാനായത്. 2014 ൽ 34 സീറ്റുകളിൽ വിജയിച്ച മമതയ്ക്ക് പക്ഷെ ഇത്തവണ ബംഗാളിലും  മോദി തരംഗം ആഞ്ഞടിച്ചതോടെ പഴയ വിജയം ആവർത്തിക്കാനായില്ല. 2014 ൽ രണ്ട് സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ 18 സീറ്റുകൾ നേടിയാണ് ബംഗാളിൽ കരുത്ത് കാട്ടിയത്.

click me!