യോഗത്തില്‍ പങ്കെടുക്കാതെ മുകുള്‍ റോയി, തൃണമൂലിലേക്ക് ഘര്‍ വാപസിയുണ്ടാകുമോ?; ബിജെപി തൃശങ്കുവില്‍

By Web TeamFirst Published Jun 9, 2021, 7:34 PM IST
Highlights

35 ബിജെപി എംപിമാര്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബംഗാള്‍ അധ്യക്ഷന്‍ ദിലിപ് ഘോഷ് വിളിച്ച യോഗത്തില്‍ നിന്ന് മുകുള്‍ റോയി വിട്ടുനിന്നത്.
 

കൊല്‍ക്കത്ത: ബംഗാളിലെ കനത്ത തോല്‍വിക്ക് പിന്നാലെ തൃണമൂലില്‍ നിന്ന് പാര്‍ട്ടിലേക്കെത്തിയവര്‍ തിരിച്ചു പോകുമോ എന്ന ഭയത്തില്‍ ബിജെപി. മുകുള്‍ റോയി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതെ മാറി നിന്നത് സംശയത്തോടെയാണ് ബിജെപി കാണുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ബിജെപിയില്‍ നിന്നുള്ള ഘര്‍വാപസി തടയാന്‍ പാര്‍ട്ടി പദ്ധതി ഒരുക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 

35 ബിജെപി എംപിമാര്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബംഗാള്‍ അധ്യക്ഷന്‍ ദിലിപ് ഘോഷ് വിളിച്ച യോഗത്തില്‍ നിന്ന് മുകുള്‍ റോയി വിട്ടുനിന്നത്. മുകുള്‍ റോയി തൃണമൂലിലേക്ക് തിരിച്ചുപോകാനുള്ള സാധ്യത മകന്‍ ശുഭ്രാന്‍സു റോയി തള്ളിക്കളയാതിരിക്കുകയും ചെയ്തിട്ടുണ്ട്. മുകുള്‍ റോയിയുടെ ഭാര്യ കൃഷ്ണ റോയി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കാണാനെത്തിയിരുന്നു. ഇതും രാഷ്ട്രീയ നീക്കമായിട്ടാണ് വിലയിരുത്തുന്നത്.

ബിജെപിയില്‍ അസംതൃപ്തരുടെ എണ്ണം കൂടിയതോടെ സുവേന്ദു അധികാരി കേന്ദ്ര നേതാക്കളായ ജെപി നദ്ദ, അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അറിയിക്കാന്‍ എംപിമാരായ അര്‍ജുന്‍ സിങ്, സൗമിത്ര ഖാന്‍ എന്നിവരും ദില്ലിയിലേക്ക് പുറപ്പെടും. നേരത്തെ രണ്ട് വനിതാ നേതാക്കള്‍ തൃണമൂലിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടെന്ന് പരസ്യമായി പറഞ്ഞിരുന്നു. അതിന് പിന്നാലെ പ്രബിര്‍ ഘൊഷാലും ആഗ്രഹുമായി രംഗത്തെത്തി. തന്റെ അമ്മ മരിച്ചപ്പോള്‍ മമതയടക്കമുള്ള തൃണമൂല്‍ നേതാക്കള്‍ മാത്രമാണ് വിളിച്ചതെന്നും ബിജെപി സംസ്ഥാന നേതാക്കള്‍ തിരിഞ്ഞുനോക്കിയില്ലെന്നും പ്രബിര്‍ ഘൊഷാല്‍ പറഞ്ഞു.   

മുകുള്‍ റോയിയിലേക്കാണ് ബംഗാള്‍ രാഷ്ട്രീയം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി വേദിയില്‍ മുകുള്‍ റോയി സജീവമല്ല. മുമ്പ് മമതയുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്നു മുകുള്‍ റോയി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മമത മുകുള്‍ റോയിയെ കാര്യമായി വിമര്‍ശിച്ചിരുന്നില്ലെന്നതും ശ്രദ്ധേയം. മുകുള്‍ റോയി ബിജെപി വിടുകയാണെങ്കില്‍ ബിജെപിക്ക് സംസ്ഥാനത്ത് കനത്ത തിരിച്ചടിയാകുകയും ചെയ്യും. അതേസമയം, മുകുള്‍ റോയിയുടെ ഭാര്യ ആശുപത്രിയില്‍ ആയതിനാലാണ് അദ്ദേഹം യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് ബിജെപി പറയുന്നത്. 

click me!