ഗുസ്തിക്കാരനാകാൻ വിട്ടു, രാഷ്ട്രീയക്കാരനായി മാറി; ദേശീയ രാഷ്ട്രീയത്തിലെ തന്ത്രജ്ഞനായി മുലായം

Published : Oct 10, 2022, 09:56 AM ISTUpdated : Oct 10, 2022, 10:57 AM IST
ഗുസ്തിക്കാരനാകാൻ വിട്ടു, രാഷ്ട്രീയക്കാരനായി മാറി; ദേശീയ രാഷ്ട്രീയത്തിലെ തന്ത്രജ്ഞനായി മുലായം

Synopsis

ഗുരു ഗ്രാം മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാവിലെയാണ് മരണം

ഇറ്റാവയിലെ ഒരു കര്‍ഷക കുടുംബത്തിലായിരുന്നു മുലായം സിങ് എന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ ജനനം. അവിടെ നിന്ന് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലേക്കും, അവിടെ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്കുമുള്ള മുലായം സിംഗ് യാദവിന്‍റെ യാത്ര അപ്രതീക്ഷിതവും അതിവേഗത്തിലുള്ളതുമായിരുന്നു. മുലായം സിങിനെ ഗുസ്തിക്കാരനാക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഇതിനായി അദ്ദേഹം പരിശീലനത്തിന് അയച്ചു. ഗോദയിൽ വെച്ച് നട്ടു സിങിനെ പരിചയപ്പെട്ടതോടെ മുലായത്തിന്റെ ജീവിത വഴി തന്നെ മാറി. സോഷ്യലിസ്റ്റ് നേതാവായിരുന്ന നട്ടു സിങാണ് മുലായത്തെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്.

പിന്നീട് രാംമനോഹര്‍ ലോഹ്യയുമായി ഉണ്ടായിരുന്ന സൗഹൃദം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഉത്തര്‍ പ്രദേശിലെ നേതാക്കളിലൊരാളായി മുലായത്തെ മാറ്റി. ഇതോടെ നിയമസഭയിലേക്കുള്ള മുലായത്തിന്റെ വഴി തെളിഞ്ഞു. വെറും 28ാമത്തെ വയസിലാണ് അദ്ദേഹം ഉത്തർപ്രദേശ് നിയമസഭയിലേക്ക് മത്സരിച്ചത്, 1967 ൽ. അന്ന് യുപി നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാകാനും അദ്ദേഹത്തിന് സാധിച്ചു.

കോൺഗ്രസിനോട് എന്നും ഇടഞ്ഞ് നിന്നായിരുന്നു മുലായത്തിന്റെ യാത്ര. അടിയന്തിരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയുടെ നിലപാടുകളുടെ നിശിത വിമർശകനായി അദ്ദേഹം. രാം മനോഹർ ലോഹ്യ അന്തരിച്ചപ്പോൾ, വിവിധ രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന് ഭാരതീയ ലോക്‌ദൾ എന്ന കക്ഷിയുണ്ടാക്കുന്നതിന് മുന്നിൽ നിന്നു. എന്നാൽ അവിടെയുണ്ടായ ആഭ്യന്തര തർക്കങ്ങൾ മുലായത്തിന് പുറത്തേക്കുള്ള വാതിലായി. ചരൺ സിങിന്റെ നേതൃത്വത്തിൽ അന്നുണ്ടായിരുന്ന ദളിത് മസ്ദൂർ കിസാൻ പാർട്ടിയിലേക്കാണ് മുലായം പിന്നീട് പോയത്, ആ പാർട്ടിയുടെ അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചു.

മുലായം ആദ്യമായി യുപി മുഖ്യമന്ത്രിയാകുന്നത് 1989 ലായിരുന്നു. 1990 കളുടെ അവസാന കാലത്ത് ചന്ദ്രശേഖറിന്റെ ജനതാദളിന്റെ ഭാഗമായി കോൺഗ്രസ് പിന്തുണയോടെ മുലായം ഭരണത്തിലെത്തി. പക്ഷെ കേന്ദ്രത്തിൽ സമവാക്യങ്ങൾ മാറിയപ്പോൾ കോൺഗ്രസ് പിന്തുണ പിൻവലിച്ചു. ഇതോടെ 1991 ൽ മുലായം സിങ് യാദവ് ഭരണത്തിൽ നിന്ന് പുറത്തായി.

ഈ കാലത്താണ് മുലായം സിങ് യാദവ്, സമാജ്‌വാദി പാർട്ടിക്ക് രൂപം കൊടുത്തത്. ബിജെപിയുടെ മുന്നേറ്റത്തെ ചെറുക്കാൻ ദളിത് ഏകീകരണത്തിലൂടെ മാത്രമേ സാധിക്കൂവെന്ന അഭിപ്രായക്കാരനായിരുന്നു മുലായം. അതിനായി മായാവതിക്ക് കൈ കൊടുക്കാനും യുപിയിൽ വീണ്ടും ഭരണത്തിലെത്താനും അദ്ദേഹത്തിന് കഴിഞ്ഞു.

യുപിയിൽ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ ശക്തമായി എതിർത്ത നേതാവായിരുന്നു അദ്ദേഹം. പിന്നീട് പിന്നാക്ക ന്യൂനപക്ഷ വോട്ട് ബാങ്ക് പടുത്തുയര്‍ത്തി യുപി രാഷ്ട്രീയത്തിന്റെ കടിഞ്ഞാണ്‍  കൈയിലെടുത്തു. 1996 ലേക്ക് എത്തിയപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ മാറ്റിനിർത്താനാവാത്ത നേതാവായി മുലായം ഉയർന്നുവന്നു. ജെഡിഎസ് നേതാവ് ദേവഗൗഡ പ്രധാനമന്ത്രിയായപ്പോൾ, ആ മന്ത്രിസഭയിൽ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നു മുലായം. സംഭാല്‍, കനൗജ്,അസംഗഡ് കൗജ് മണ്ഡലങ്ങള്‍ പലപ്പോഴായി മുലായത്തിന്‍റെ തട്ടകങ്ങളായാണ് ഇന്നും അറിയപ്പെടുന്നത്.

എന്നാൽ തന്റെ അവസാന കാലത്ത് സമാജ്‌വാദി പാർട്ടിയിൽ മകന്‍ അഖിലേഷ് യാദവും, സഹോദരന്‍ ശിവപാല്‍ യാദവും തമ്മിലുള്ള പോര് ശക്തമായത് അദ്ദേഹത്തിന്റെ ഹൃദയത്തിൽ വലിയ നോവായി മാറി. മകനെ വിട്ട് സഹോദരൻ ശിവപാൽ യാദവിനൊപ്പമാണ് മുലായം നിലയുറപ്പിച്ചത്. തന്നെ തള്ളിപ്പറഞ്ഞ മുലായത്തെ മകൻ അഖിലേഷ് യാദവും തള്ളിപ്പറഞ്ഞു.  യുപിയിലെ മാഫിയ മേധാവിത്വവും, അഴിമതിയുടെയും വിമർശനങ്ങൾ മുലായത്തിനെതിരെ ഉയർന്നത് പിന്നീട് സമാജ്‌വാദി പാർട്ടിക്കേറ്റ തിരിച്ചടിയായിരുന്നു. എന്നാലും താന്‍ തുടക്കം കുറിച്ച രാഷ്ട്രീയം കാലഹരണപ്പെട്ടില്ലെന്ന് തെളിയിച്ചാണ് മുലായം സിംഗ് വിടവാങ്ങുന്നത്.

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന