
മുംബൈ: മുംബൈയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് വാട്ട്സ് ആപ്പ് സന്ദേശത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. മുംബൈ പൊലീസിന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് ആണ് ഇന്നലെ സന്ദേശം എത്തിയത്.. മുംബൈ പോലീസിനെ അസഭ്യം പറയുന്ന നിരവധി സന്ദേശങ്ങളും ഇതോടൊപ്പം ഉണ്ടായിരുന്നു. സന്ദേശത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല എന്നാണ് പൊലീസ് വിശദീകരിക്കുന്നത്. മുംബൈ ട്രാഫിക് പൊലീസിന്റെ വാട്സാപ്പ് നമ്പറിലാണ് നഗരത്തിൽ 400 കിലോഗ്രാം ആർ.ഡി.എക്സുമായി 34 മനുഷ്യബോംബുകൾ സജ്ജമാണെന്ന ഭീഷണി സന്ദേശമെത്തിയത്.
മുംബൈയിൽ 10 ദിവസം നീണ്ടുനിൽക്കുന്ന ഗണേശോത്സവം ഇന്നും നാളെയുമായി സമാപിക്കുകയാണ്.. ഇതിനിടയിലാണ് ഈ സന്ദേശം. അതുകൊണ്ടുതന്നെ ഗണേശോത്സവം റാലികൾക്കും നബിദിന റാലികൾക്കും പൊലീസ് സുരക്ഷ ശക്തമാക്കി. ഇത്തരത്തിലുള്ള സന്ദേശം പതിവാണെന്നും ഗൗരവം ആക്കേണ്ടതില്ലെന്നും ആണ് പൊലീസിൻറ വിശദീകരണം.
34 വാഹനങ്ങളിലായി ചാവേറുകൾ, ഒരു കോടി പേരെ കൊല്ലുമെന്നും മുംബൈ നടുങ്ങുമെന്നും ലഷ്‍കർ ഇ ജിഹാദി എന്ന സംഘടനയുടേതെന്ന പേരിലെത്തിയ ഭീഷണി സന്ദേശത്തിൽ പറയുന്നതായി പൊലീസ് അറിയിച്ചു. 14 പാകിസ്ഥാനി ഭീകരർ രാജ്യത്തേക്ക് കടന്നതായും സന്ദേശത്തിൽ പറയുന്നു. സന്ദേശത്തിന്റെ ഉറവിടത്തിനായി മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam