
മുംബൈ: അതിശക്തമായ മഴയെ തുടർന്ന് മുംബൈ നഗരത്തിൽ വെള്ളപ്പൊക്കം. മൂന്ന് വർഷത്തിനിടെ ഒരു ദിവസം പെയ്യുന്ന ഏറ്റവും കൂടിയ മഴയാണ് നഗരത്തെ മുക്കിയത്. സാന്ദാക്രൂസിൽ വീട് തകർന്ന് ഓടയിൽ വീണ ഒരു സ്ത്രീയെയും രണ്ട് പെൺമക്കളെയും കാണാതായി. ഇന്നും നാളെയും മഹാരാഷ്ട്ര തീരത്തെ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ടാണ്.
ഇത്രയും കനത്ത മഴ 2017ന് ശേഷം ഇതാദ്യം. ദാദർ, സയൻ, പരേൽ, വിലേപാർലെ അടക്കം സമുദ്ര നിരപ്പിന് താഴെയുള്ള മേഖലകളെല്ലാം മുങ്ങി. വെള്ളപ്പൊക്കത്തിൽ വീട് തകർന്ന് തുറന്ന് കിടന്ന ഓടയിലേക്ക് വീണ് കാണാതായ അമ്മയ്ക്കും രണ്ട് പെൺമക്കൾക്കുമായി ദേശീയ ദുരന്ത നിവാരണ സേന തെരച്ചിൽ തുടരുകയാണ്. മറ്റൊരു മകളെ രക്ഷിച്ച് ആശുപത്രിയിലാക്കി. താനെ ഗോഡ്ബന്ദർ റോഡിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 15കാരൻ മരിച്ചു. വെസ്റ്റേൺ എക്സ്പ്രസ് വേയിൽ പലയിടത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.
സബർബൻ സർവീസുകൾ വ്യാപകമായി നിർത്തിവച്ചു. യാത്രക്കാരുമായി വന്ന ബസുകൾ കിംങ് സർക്കിളിൽ വെള്ളക്കെട്ടിൽ കുടുങ്ങി. മുംബൈ കോർപ്പറേഷൻ ബസുകൾ പലയിടത്തും സർവീസ് നിർത്തി. അവശ്യ സർവീസുകളൊഴികെയുള്ള സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്കെല്ലാം രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു.സ്കൂളുകളെ ക്യാമ്പുകളാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങാൻ വിദ്യാഭ്യാസ വകുപ്പിനോട് നിർദ്ദേശിച്ചു. തീരമേഖലയിൽ നാലരമീറ്ററിലധികം ഉയരത്തിൽ തിരമാലകളടിക്കുകയാണ് . മുംബൈയ്ക്ക് പുറമെ താനെ, റായ്ഗഡ് ജില്ലകളിലും റെഡ് അലേർട് നിലവിലുണ്ട്.നാളെയും ഇതേ അവസ്ഥ തുടർന്നാൽ കൊവിഡിനിടെ പ്രളയത്തെയും നേരിടേണ്ടി വരുമെന്ന ആശങ്കയിലാണ് മഹാരാഷ്ട്രാ സർക്കാർ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam