
മുംബൈ: മുബൈയിൽ മരുമകളെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ ഭർതൃമാതാവ് അറസ്റ്റിൽ. മുബൈ ഘാട്‌കോപ്പർ സ്വദേശിയായ സ്വപ്ന ഗാഞ്ചിയുടെ കൊലപാതകക്കേസിലാണ് സ്വപ്നയുടെ ഭർതൃമാതാവായായ ധനലക്ഷ്മി ഗാഞ്ചി(65)യെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനക്കേസ് നൽകിയതിലുള്ള വിരോധം കാരണം മരുമകളെ കൊലപ്പെടുത്താൻ വീട്ടുവേലക്കാരിക്കും കുടുംബത്തിനും 3 ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയാണ് ഇവർ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ധനലക്ഷ്മിയെക്കൂടാതെ ഇവരുടെ വീട്ടുവേലക്കാരി മംഗളാബായ് സുരേഷ് ജാധവ്, ഇവരുടെ ഭർത്താവ് സുരേഷ് ഗൺപത് ജാധവ്, മക്കളായ ശിവാനി, സാജൻ എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റ് പ്രതികൾ.
കൊലപാതകത്തിന് ശേഷം സംഭവം അപകട മരണമാണെന്ന് വരുത്തിത്തീർക്കാനും തെളിവുകൾ നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഘാട്കോപ്പറിലെ വീട്ടിൽ സ്വപ്നയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അർധരാത്രിയോടെ ഭർതൃപിതാവ് സ്വപ്നയുടെ പിതാവിനെ ഫോണിൽ വിളിച്ച് മകൾ ശുചിമുറിയിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി അറിയിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശരീരത്തിലും തലയിലും മർദനമേറ്റതിന്റെയും പരിക്കുകളുടെയും ആഴത്തിലുള്ള പാടുകൾ കണ്ട സ്വപ്നയുടെ പിതാവ് സംശയം പ്രകടിപ്പിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. മകൾ മദ്യപിച്ച ശേഷം ബാത്ത്റൂമിൽ വീണതാണെന്നായിരുന്നു ധനലക്ഷ്മിയുടെ ആദ്യ മൊഴി.
പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 2013-ലായിരുന്നു പ്രമോദ് ഗഞ്ചിയുമായുള്ള സ്വപ്നയുടെ വിവാഹം. പിന്നീട് ഭർത്താവും അമ്മായിയമ്മയും ഭർതൃപിതാവും സഹോദരങ്ങളും ചേർന്ന് സ്വപ്നയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായാണ് യുവതിയുടെ കുടുംബം പറയുന്നത്. തുടർന്ന് രണ്ട് വർഷം മുമ്പ് സ്വപ്ന ഇവർക്കെതിരെ ഗാർഹിക പീഡനത്തിനും ഭീഷണിപ്പെടുത്തിയതിനും കേസ് നൽകിയിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിന് കാരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam