
മുംബൈ: മുംബൈയിൽ 15 വയസുകാരനായ സ്കൂൾ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. കുട്ടിയില്‍ നിന്നും വിശദമായി മൊഴിയെടുത്ത ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ഹോട്ടലില്‍ വിളിച്ചുവരുത്തി അധ്യാപിക പിഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇക്കാര്യമടക്കം കുട്ടി വിശദമായ മൊഴി നൽകിയതിന് പിന്നാലെയാണ് അധ്യപികയായ ബിഷാഷ കുമാറിനെ അറസ്റ്റ് ചെയ്തത്. അധ്യാപിക ജോലി ചെയ്യുന്ന സ്കൂളിൽ പൊലീസ് അന്വേഷണം നടത്തും. കൂടുതൽ വിദ്യാർഥികളെ ഉപദ്രവിച്ചിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇതുവരെ മറ്റു പരാതികൾ ഒന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. അധ്യാപിക ബിഷാഷ കുമാറിന്‍റെ മാനസിക നില ഇന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. പിന്നീട് മാനസിക വെല്ലുവിളി നേരിടുന്നതായുള്ള വാദം ഉയർത്താതിരിക്കാനാണ് മാനസിക നില പരിശോധിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. ഏപ്രിലിൽ അധ്യാപിക ജോലി രാജി വെച്ചിരുന്നുവെന്നാണ് ബോംബെ സ്കോട്ടിഷ് ഹൈസ്കൂൾ അധികൃതർ പറയുന്നത്. കുറ്റകൃത്യം നടന്നത് സ്കൂളിന് പുറത്താണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
വിശദ വിവരങ്ങൾ ഇങ്ങനെ
40 വയസ്സുള്ള ഇംഗ്ലീഷ് അധ്യാപികയെയാണ് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. വിവാഹിതയും കുട്ടികളുള്ളവളുമായ ഈ അധ്യാപിക, 2023 ഡിസംബറിൽ സ്കൂളിന്റെ വാർഷിക പരിപാടിക്കായുള്ള ഡാൻസ് ഗ്രൂപ്പ് തയ്യാറാക്കുന്നതിനിടെ വിദ്യാർത്ഥിയോട് അടുപ്പം സ്ഥാപിച്ചെന്നാണ് പൊലീസ് പറയുന്നത്. 2024 ജനുവരി മുതൽ കുട്ടിയെ ലൈംഗിക പീഡനം നടത്തിവരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. കുട്ടിയെ മദ്യപിക്കാൻ നിർബന്ധിക്കുകയും, ഉത്കണ്ഠ ശമിപ്പിക്കാനുള്ള മരുന്നുകൾ നൽകുകയും ചെയ്താണ് പീഡനമെന്നും മൊഴികളിൽ പറയുന്നു. ദക്ഷിണ മുംബൈയിലെയും വിമാനത്താവളത്തിനടുത്തുള്ളവയുമായ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ വെച്ചാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടു. വിദ്യാർഥിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പീഡനവിവരം പുറംലോകം അറിഞ്ഞത്. വീട്ടുകാരോട് കുട്ടി തന്റെ ദുരനുഭവം വെളിപ്പെടുത്തുകയും, പിന്നാലെ പൊലീസിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു. വിശദമായ അന്വേഷണത്തിന് പിന്നാലെയാണ് അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യാപികയുടെ കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അധ്യാപികയ്ക്കെതിരെ പോക്സോ നിയമത്തിലെ 4, 6, 17 വകുപ്പുകൾ (ലൈംഗികാതിക്രമം, ഗുരുതരമായ ലൈംഗികാതിക്രമം, കുറ്റകൃത്യത്തിന് പ്രേരണ), ഭാരതീയ ന്യായ സംഹിതയിലെ 123, 351(2), 3(5) വകുപ്പുകൾ, കൂടാതെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണം) നിയമ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.