എടിഎം കാര്‍ഡ് തട്ടിയെടുത്തു; കൊവിഡ് ബാധിച്ച് മരിച്ചയാളുടെ പണം കവര്‍ന്ന് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍

By Web TeamFirst Published Jun 18, 2021, 9:49 AM IST
Highlights

മരിച്ചയാളുടെ വസ്തുക്കളുടെ ഒപ്പം കിട്ടിയ എടിഎം കാര്‍ഡില്‍ പിന്‍ എഴുതിയത് ശ്രദ്ധയില്‍പ്പെട്ടതോടെ കാര്‍ഡ് തട്ടിയെടുത്ത് പണം അപഹരിക്കുകയായിരുന്നുവെന്ന് കുറ്റസമ്മതം

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ പണം കവര്‍ന്ന് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍. മരിച്ചയാളുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് ഇയാളുടെ അക്കൌണ്ടില്‍ നിന്നും ഒരുലക്ഷം രൂപയാണ് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ തട്ടിയെടുത്തത്. ബിഹാറിലാണ് സംഭവം. മുന്‍സിപ്പല്‍ കൌണ്‍സില്‍ ജീവനക്കാരനായ വിശാലിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

കൊവിഡ് ബാധിച്ച് മരിച്ച ഭര്‍ത്താവിന്‍റെ അക്കൌണ്ടില്‍ നിന്ന് 106500 രൂപ നഷ്ടമായെന്ന പരാതിയുമായി മരിച്ചയാളുടെ ഭാര്യ ഛായ ബാങ്കിലെത്തിയതോടെയാണ് തട്ടിപ്പ് പുറത്ത് വരുന്നത്. സ്കൂളില്‍ ക്ലര്‍ക്കായി ജോലി ചെയ്തിരുന്ന അഭിമന്യു കുമാര്‍ ഏപ്രില്‍ 30നാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇയാളുടെ മരണത്തിന് പിന്നാലെ പത്ത് ദിവസത്തിനുള്ളിലായാണ് ഈ പണം നഷ്ടമായതെന്ന് പൊലീസ് കണ്ടെത്തി. വിവിധ ബാങ്കുകളുടെ എടിഎം കൌണ്ടറുകളിലൂടെയായിരുന്നു പണമെടുത്തതെന്നും പൊലീസ് കണ്ടെത്തി.

ഛായയുടെ പരാതിയില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് കേസില്‍ അന്വേഷണം നടത്തിയത്. അഭിമന്യു കുമാറിനെ സംസ്കരിച്ച കോര്‍പ്പറേഷന്‍ ജീവനക്കാരെയും പൊലീസ് കേസുമായി ചോദ്യം ചെയ്തിരുന്നു. ഇതിലാണ് തട്ടിപ്പുകാരന്‍ പിടിയിലായത്. മരിച്ചയാളുടെ വസ്തുക്കളുടെ ഒപ്പം കിട്ടിയ എടിഎം കാര്‍ഡില്‍ പിന്‍ എഴുതിയത് ശ്രദ്ധയില്‍പ്പെട്ടതോടെ കാര്‍ഡ് തട്ടിയെടുത്ത് പണം അപഹരിക്കുകയായിരുന്നുവെന്ന് വിശാല്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി.
 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!