
ബെംഗളൂരു: പ്രഗതിപുരയിൽ 39കാരിയായ നഴ്സിനെ കൊലപ്പെടുത്തിയ 25കാരനായ ആൺസുഹൃത്ത് പിടിയിൽ. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ പുരുഷ നഴ്സായ സുധാകർ ആണ് പിടിയിലായത്. കഴിഞ്ഞ ഒരു വർഷമായി ഒരേ ആശുപത്രിയിൽ ജോലി ചെയ്യുകയാണ് ഇരുവരും ചിത്രദുർഗയിലെ ഹിരിയൂർ സ്വദേശി മമതയെ ഇന്നലെ വൈകീട്ടാണ് കുമാരസ്വാമി ലേഔട്ടിലെ പ്രഗതിപുരയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുറിക്കുള്ളിൽ ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴുത്തിലെ മാല ഭാഗികമായി പൊട്ടിച്ചെടുത്ത നിലയിലായിരുന്നു. മോഷണത്തിനിടെ നടന്ന കൊലപാതകം എന്ന് തോന്നിക്കുന്ന നിലയിലായിരുന്നു കാര്യങ്ങൾ. തുടർന്ന് പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട മമതയുടെ ഫോൺ ഡീറ്റെയ്ൽസും പരിശോധിച്ചു. ഇതോടെയാണ് ആസൂത്രിതമായി നടത്തിയ കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന മമത, സഹപ്രവർത്തകനുമായി ബന്ധം പുലർത്തിയിരുന്ന വിവരങ്ങൾ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇതേ ആശുപത്രിയിൽ മമതയ്ക്കൊപ്പം ജോലി ചെയ്തിരുന്ന സുധാകർ ആണ് കൊലപാതകം നടത്തിയത് എന്ന് വ്യക്തമായത്. തന്നെക്കാൾ 14 വയസ് കൂടുതലുള്ള മമതയുമായി അടുപ്പത്തിലായിരുന്നു സുധാകർ.
ഇതിനിടെ വീട്ടുകാർ ഇയാളുടെ വിവാഹം നിശ്ചയിച്ചു. ഇതറിഞ്ഞ മമത തന്നെ വിവാഹം കഴിക്കണമെന്ന് ശാഠ്യം പിടിച്ചതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് സുധാകർ പൊലീസിനോട് പറഞ്ഞു. മമതയുടെ വീട്ടിലെത്തി കറിക്കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു ഇയാൾ. പിന്നാലെ മോഷണമെന്ന് തോന്നിക്കാൻ മാല പൊട്ടിച്ചെടുത്ത് സ്ഥലംവിടുകയും ചെയ്തു. സുധാകറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam