
ദില്ലി: വിമാനയാത്രയ്ക്കിടെ സിത്താറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് എയർ ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ വംശജയായ സംഗീതജ്ഞ അനുഷ്ക ശങ്കർ. തന്നെ സംബന്ധിച്ച് അമൂല്യമായൊരു വസ്തു, എയർ ഇന്ത്യ ഇത്രയും അലക്ഷ്യമായി കൈകാര്യം ചെയ്തതിലുള്ള ഞെട്ടലും കടുത്ത നിരാശയും അവർ പ്രകടിപ്പിച്ചു.
എയർ ഇന്ത്യയിലെ യാത്രയിൽ തന്‍റെ സിത്താറിന് എന്തു സംഭവിച്ചെന്ന് ഒരു വീഡിയോയിലൂടെ അനുഷ്ക കാണിച്ചുതരുന്നു- "എന്‍റെ സിത്താറിനെ എയർ ഇന്ത്യ കൈകാര്യം ചെയ്ത രീതി കണ്ട് അസ്വസ്ഥതയും നിരാശയും തോന്നുന്നു. നിരുത്തരവാദപരമായ സമീപനം കൊണ്ടല്ലേ. അല്ലാതെ എങ്ങനെയാണ് ഇത്തരമൊരു നാശനഷ്ടം സംഭവിക്കുന്നത്? വളരെക്കാലത്തിനു ശേഷമാണ് ഞാൻ എയർ ഇന്ത്യയിൽ യാത്ര ചെയ്തത്. ഇന്ത്യൻ വിമാനക്കമ്പനിയെ ഏൽപ്പിക്കുന്നവ സുരക്ഷിതമായിരിക്കില്ല എന്ന തോന്നൽ ഉണ്ടാകുന്നത് കാണുമ്പോൾ എനിക്ക് വളരെയേറെ സങ്കടമുണ്ട് . മറ്റ് വിമാന കമ്പനികളുടെ വിമാനങ്ങളിൽ ആയിരക്കണക്കിന് തവണ പറന്നിട്ടും എന്‍റെ സിത്താറിന് ഒരു പോറലും സംഭവിച്ചിരുന്നില്ല"
സിത്താർ ട്യൂൺ ചെയ്തപ്പോൾ പൂർണമായും താളം തെറ്റിയ നിലയിലായിരുന്നുവെന്ന് അനുഷ്ക പറയുന്നു. കഴിഞ്ഞ 15 - 17 വർഷത്തിനുള്ളിൽ തന്‍റെ സിത്താറിന് ഇങ്ങനെ സംഭവിച്ചത് ഇതാദ്യമാണ്. ഹാൻഡ്‍ലിങ് ഫീ വാങ്ങിയിട്ട് പോലും ഇത്രയും നിരുത്തരവാദപരമായി പെരുമാറുന്നതിനെ അനുഷ്ക രൂക്ഷമായി വിമർശിച്ചു. അതേസമയം സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ത്യൻ വംശജയായ ബ്രിട്ടീഷ്-അമേരിക്കൻ സിത്താർ വാദകയാണ് അനുഷ്ക ശങ്കർ. അവരുടെ സോളോ സ്റ്റുഡിയോ ആൽബങ്ങൾ ഏറെ പ്രസിദ്ധമാണ്. 14 ഗ്രാമി നോമിനേഷനുകൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന് ആഗോള തലത്തിൽ പ്രശസ്തി നേടിക്കൊടുത്തവരിൽ ഒരാളാണ് അനുഷ്ക ശങ്കർ.