
ദില്ലി: ഉദയ്പൂർ കൊലപാതകത്തെ മുസ്ലീം സമുദായം ഒന്നടങ്കം അപലപിക്കണമെന്ന് ആര്‍എസ്എസ്. ചിലര്‍ മാത്രമാണ് അപലപിച്ച് കാണുന്നത്. പരിഷ്കൃത സമൂഹം ഇത്തരം ചെയ്തികളെ അംഗീകരിക്കില്ല. ആവിഷ്ക്കാര സ്വാതന്ത്ര്യം കരുതലോടെ വിനിയോഗിക്കുന്നമെന്ന് കാളി ഡോക്യുമെന്‍ററി വിവാദത്തോടും ആർ എസ് എസ് പ്രചാരണ വിഭാഗം മേധാവി സുനിൽ അമ്പേകർ പ്രതികരിച്ചു.
നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ ദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട 48കാരനായ കനയ്യ ലാലാണ് കഴിഞ്ഞ ദിവസം ക്രൂരമായി കൊല്ലപ്പെട്ടത്. കനയ്യ ലാലിനെ അദ്ദേഹത്തിന്റെ തയ്യൽ കടയിൽ വെച്ച് കഴുത്തറുത്ത് കൊലപ്പടുത്തുകയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇസ്ലാമിനെ അപമാനിച്ചതിനുള്ള പ്രതികാരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മുന്നറിയിപ്പാണെന്നും പ്രതികൾ പറഞ്ഞിരുന്നു. കുറ്റകൃത്യം ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
Also Read: 'അവനെ തൂക്കിക്കൊല്ലൂ'; ഉദയ്പുർ കൊലപാതകത്തിൽ പ്രതിയുടെ സഹോദരങ്ങൾ
സംഭവത്തില്‍ പ്രതികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസിലെ പ്രതികളായ ഗോസ് മുഹമ്മദ്, റിയാസ് അക്തരി എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. കോൺഗ്രസ് സോഷ്യൽ മീഡിയ കോർഡിനേറ്റർ നിതിൻ അഗർവാളാണ് ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഇരുചക്രവാഹനത്തിൽ ഹെൽമറ്റ് ധരിച്ച്. മുഖം മറച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.
ഉദയ്പൂർ പ്രതികളുടെ ബന്ധം തള്ളി പാകിസ്ഥാൻ
ഉദയ്പൂരിലെ കൊലപാതകക്കേസിലെ പ്രതികൾക്ക് പാക് സംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി പാകിസ്ഥാൻ. ഉദയ്പൂരിലെ കൊലപാതകക്കേസിൽ അറസ്റ്റിലായ പ്രതികളെ പാകിസ്ഥാനിലെ സംഘടനയുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ഇന്ത്യൻ മാധ്യമങ്ങളിൽ കണ്ടു. ഇത്തരം ശ്രമങ്ങൾ വികൃതമാണെന്ന് പാക് വിദേശകാര്യ വക്താവ് ദി ന്യൂസിനോട് പറഞ്ഞു. പാകിസ്ഥാനെ അപകീർത്തിപ്പെടുത്താനുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ ശ്രമമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും പാകിസ്ഥാൻ വക്താവ് വ്യക്തമാക്കി.