
ജൽഗാവ്: ഇതര വിഭാഗത്തിൽപ്പെട്ട 17കാരിയോട് സൗഹൃദം. 21കാരനായ മുസ്ലിം യുവാവിനെ മർദ്ദിച്ച് നാട്ടുകാർക്കിടയിലൂടെ നടത്തി കൊലപ്പെടുത്തിയ സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ. പൊലീസ് ജോലിക്കുള്ള അപേക്ഷ നൽകിയ ശേഷം സുഹൃത്തായ പെൺകുട്ടിക്കൊപ്പം കഫേയിൽ സംസാരിച്ചിരിക്കെയാണ് മഹാരാഷ്ട്രയിൽ സുലേമാൻ രഹീം ഖാൻ പത്താൻ എന്ന 21കാരൻ ക്രൂരമായ ആക്രമണത്തിന് ഇരയായത്. മഹാരാഷ്ട്രയിലെ ജൽഗാവിലെ ജാംനറിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ഛോട്ടാ ബേവാത്തിലാണ് ക്രൂരമായ ആൾക്കൂട്ട കൊലപാതകം നടന്നത്. തിങ്കളാഴ്ചയാണ് യുവാവ് ആക്രമണത്തിനിരയായയത്. യുവാവും കൗമാരക്കാരിയായ സുഹൃത്തും സംസാരിച്ചിരിക്കുമ്പോൾ കഫേയിലേക്ക് എത്തിയ പത്തോളം പേർ യുവാവിന്റെ ഫോൺ ബലമായി പരിശോധിക്കുകയായിരുന്നു. ഇതിന് പിന്നാലെ യുവാവിനെ സംഘം മർദ്ദിക്കാനും ആരംഭിച്ചു. ക്രൂരമർദ്ദനത്തിനിരയാക്കിയ യുവാവിനെ ഗ്രാമത്തിലെത്തിച്ച് അവശനിലയിൽ നടത്തിയ ശേഷമായിരുന്നു കൊലപാതകം. കയ്യിൽ കിട്ടിയതെല്ലാം ഉപയോഗിച്ചായിരുന്നു മർദ്ദനം.
യുവാവിന്റെ വീടിന് മുന്നിൽ വച്ചും മർദ്ദനം തുടർന്നതോടെ യുവാവിനെ രക്ഷിക്കാൻ ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും മർദ്ദനമേറ്റിരുന്നു. അഭിഷേക് കുമാർ രാജ്പുത്, സൂരജ് ബിഹാറി ലാൽ ശർമ, ദീപക് ബാജിറാവു, രഞ്ജിത് രാമകൃഷ്ണ മാതാഡ് എന്നിവർ ചേർന്നാണ് മർദ്ദനത്തിന് നേതൃത്വം നൽകിയതെന്ന് പൊലീസ് വിശദമാക്കി. അദിത്യ ദേവാഡേ, കൃഷ്ണ തേലി, ഷേജ്വാൾ തേലി, ഋശികേശ് തേലി എന്നിവരെ ബുധനാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് വിശദമാക്കുന്നത്.
കമ്പുകളും ഇരുമ്പ് ദണ്ഡുകളും കൈകളും ഉപയോഗിച്ചായിരുന്നു മർദ്ദനം. പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായതിന് പിന്നാലെ പൊലീസിൽ ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു 21കാരൻ. കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, കലാപമുണ്ടാക്കാൻ ശ്രമം, അനധികൃതമായി കൂട്ടം ചേരുക എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം