അഭിപ്രായ വ്യത്യാസങ്ങൾ ഗോമതി നദിയിലെറിഞ്ഞ് ഒറ്റക്കെട്ടായി പ്രവർത്തിക്കണം; യുപിയിൽ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി അമിത് ഷാ

Published : Oct 31, 2026, 01:24 PM IST
amit shah

Synopsis

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ അമിത് ഷാ ബിജെപി പ്രവർത്തകർക്ക് കർശന നിർദേശം നൽകി. സംസ്ഥാന നിർവാഹക സമിതിയിൽ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ അദ്ദേഹം പുകഴ്ത്തിയെങ്കിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചില്ല.

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറാകുന്ന ഉത്തർ പ്രദേശിലെ പ്രവർത്തകർക്ക് കർശന മുന്നറിയിപ്പുമായി അമിത് ഷാ. അഭിപ്രായ വ്യത്യാസങ്ങൾ ഗോമതി നദിയിലെറിഞ്ഞ് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ഷാ നിർദേശിച്ചു. സംസ്ഥാന നിർവാഹക സമിതിയിൽ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ പുകഴ്ത്തിയെങ്കിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാത്തത് ശ്രദ്ധേയമായി.

ബിജെപിക്കും കേന്ദ്രസർക്കാറിനും ഏറെ നിർണായകമായ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയിലെ ഭിന്നതയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് അമിത് ഷാ നൽകുന്നത്. ഒരു ഭിന്നതയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പ്രതിഫലിക്കരുത്, ആർക്കെങ്കിലും നിരാശയോ നീരസമോ ഉണ്ടെങ്കിൽ യോഗം കഴിഞ്ഞ് പോകുമ്പോൾ അത് ​ഗോമതി നദിയിൽ വലിച്ചെറിഞ്ഞ് പ്രവർത്തിക്കാനിറങ്ങണമെന്നാണ് ഇന്നലെ ലക്നൗവിൽ ചേർന്ന സംസ്ഥാന നിർവാഹക സമിതിയിൽ അമിത് ഷാ നൽകിയ താക്കീത്. രാമക്ഷേത്ര കൊള്ള, ആർഎസ്എസുമായുള്ള ഭിന്നത, യുപി മന്ത്രിസഭയിലെ അഭിപ്രായ വ്യത്യാസങ്ങൾ തുടങ്ങിയവ താഴേത്തട്ടിലെ പ്രവർത്തനങ്ങളെ ബാധിക്കരുതെന്നാണ് അമിത് ഷാ നിർദേശിച്ചത്.

എംഎൽസി തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ വാരാണസിയിലെ രണ്ട് സീറ്റുകൾ ഉൾപ്പെടെ അഞ്ചിടത്ത് സമാജ് വാദി പാർട്ടി വിജയിച്ചത് ബിജെപിയിൽ വലിയ ഞെട്ടലാണുണ്ടാക്കിയത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് അമിത് ഷായുടെ മുന്നറിയിപ്പ്. അതേസമയം മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന ഒരു സൂചനയും അമിത് ഷാ നൽകിയിട്ടില്ല. യോ​ഗി ആദിത്യനാഥിന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തി യോജിപ്പിന്റെ സന്ദേശം പ്രവർത്തകർക്ക് നൽകാൻ അമിത് ഷാ ശ്രമിക്കുമ്പോഴും പാർട്ടിയിലെ ഭിന്നതയാണ് ഇക്കാര്യത്തിലെ പ്രഖ്യാപനം തൽക്കാലം ബിജെപി ഒഴിവാക്കാൻ കാരണം. സഖ്യകക്ഷികളെ കൂടെ നിറുത്താനടക്കം നീക്കങ്ങൾ വരും ദിവസങ്ങളിൽ ബിജെപി കേന്ദ്ര നേതൃത്വം തുടങ്ങും എന്നാണ് സൂചന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാഹുൽ ​ഗാന്ധി നയിക്കുന്നു, പ്രതിപക്ഷം ഒറ്റക്കെട്ട്, ദില്ലിയെ വിറപ്പിച്ച് ഇന്ത്യാ സഖ്യത്തിന്റെ ചലോ ദില്ലി
ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്കെതിരെ പാർട്ടിയിൽ കലാപക്കൊടി; അന്ത്യശാസനം നൽകി 25 എംഎൽഎമാർ