ദുരിതമൊഴിയാത്ത മുസഫര്‍പൂര്‍; സര്‍ക്കാരുകളുടെ അനാസ്ഥയും പ്രധാനകാരണം

By Web TeamFirst Published Jul 13, 2019, 4:20 PM IST
Highlights

വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ദുരന്തത്തില്‍ നിന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പാഠം പഠിക്കാത്തതാണ് മുസഫര്‍പൂര്‍ വീണ്ടും മരണതാഴ്‍വരയാകാന്‍ കാരണം. പോഷകാഹാരക്കുറവും കടുത്ത ചൂടും രോഗത്തെക്കുറിച്ചുള്ള അജ്ഞതയും ദാരിദ്ര്യവുമാണ് ഈ ദുരന്തത്തിന് കാരണമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.
 

മുസഫര്‍പൂര്‍: മസ്തിഷ്കജ്വരം ബാധിച്ച്  150ലേറെ കുട്ടികള്‍ മരിച്ച മുസഫര്‍പൂരില്‍ അഞ്ച് വര്‍ഷം മുമ്പും സമാനരീതിയില്‍ കുട്ടികള്‍ മരിച്ചിരുന്നു. അന്ന് 500ലധികം കുട്ടികളാണ് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. ആ ദുരന്തത്തില്‍ നിന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പാഠം പഠിക്കാത്തതാണ് മുസഫര്‍പൂര്‍ വീണ്ടും മരണതാഴ്‍വരയാകാന്‍ കാരണം. പോഷകാഹാരക്കുറവും കടുത്ത ചൂടും രോഗത്തെക്കുറിച്ചുള്ള അജ്ഞതയും ദാരിദ്ര്യവുമാണ് ഈ ദുരന്തത്തിന് കാരണമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.

കടുത്ത ജ്വരം ബാധിച്ച് 450ലേറെ കുട്ടികളാണ് ജൂണില്‍ മുസഫര്‍പൂരിലെ ശ്രീകൃഷ്ണ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. അവരെ പ്രവേശിപ്പിക്കാന്‍ അടിസ്ഥാന സൗകര്യം പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു ആശുപത്രി. ആകെയുണ്ടായിരുന്നത് 14 കിടക്കകളുള്ള ഐസിയു. ഒരു കിടക്കയില്‍ നാല് കുട്ടികളെ വരെ കിടത്തിയായിരുന്നു ആദ്യഘട്ടത്തില്‍ ചികിത്സ. 

രോഗം ബാധിച്ച് കുട്ടികള്‍ കൂട്ടത്തോടെ മരിച്ചതോടെ വിവരം രാജ്യമൊന്നാകെ അറിഞ്ഞു. അതോടെയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെട്ട് ആശുപത്രിയിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ചത്. പട്ന എയിംസില്‍ നിന്നടക്കമുള്ള ഡോക്ടര്‍മാരുള്‍പ്പെട്ട കേന്ദ്രസംഘം ഇവിടേക്കെത്തി. തുടര്‍ന്നാണ് മരണനിരക്ക് കുറഞ്ഞത്. 

1995 മുതല്‍ മസ്തിഷ്കജ്വരം കുട്ടികളെ ബാധിച്ചുതുടങ്ങിയതാണ്. എന്നിട്ടും വേണ്ടവിധം പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കാനോ ബോധവല്‍ക്കരണം നടത്താനോ ഒന്നും സര്‍ക്കാരുകള്‍ തയ്യാറായില്ല. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്നുള്ള ആക്ഷേപമാണ് ഗ്രാമങ്ങളില്‍ നിന്നുയരുന്നത്. ഇത്തവണ മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നല്‍കിയതൊഴിച്ചാല്‍ മറ്റൊരു പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ഇവിടെ ഉണ്ടായിട്ടില്ല. 

click me!