സ്നേഹത്തിന്റെ സാർവത്രിക ഭാഷയിലൂടെ ഇനി കേരളത്തിന്റെ കഥ കേൾക്കാം; മുസിരിസ് കേരള ഫെസ്റ്റിവലിന് നാളെ ദില്ലിയിൽ കൊടിയേറ്റം

Published : Apr 19, 2026, 03:40 PM IST
Muziris Kerala Festival

Synopsis

ഒമ്പതാമത് മുസിരിസ് കേരള ഫെസ്റ്റിവലിന് നാളെ തുടക്കമാകും. ഈ ത്രിദിന സാംസ്കാരിക മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ബുധനാഴ്ച്ച വൈകുന്നേരം സർവ്വകലാശാലാ വൈസ് ചാൻസിലർ നിർവഹിക്കും.

ദില്ലി: ദില്ലിയിലെ കലാലയ മുറ്റങ്ങളിൽ കേരളത്തിന്റെ സാംസ്കാരിക പെരുമ വിളിച്ചോതിക്കൊണ്ട് ഒമ്പതാമത് മുസിരിസ് കേരള ഫെസ്റ്റിവലിന് നാളെ തുടക്കമാകും. ജാമിഅ മില്ലിയ ഇസ്ലാമിയയിലെ മലയാളി വിദ്യാർത്ഥി കൂട്ടായ്മയായ 'സ്മൃതി'യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ത്രിദിന സാംസ്കാരിക മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ബുധനാഴ്ച്ച വൈകുന്നേരം സർവ്വകലാശാലാ വൈസ് ചാൻസിലർ നിർവഹിക്കും.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. രാജ്യസഭാ എം പി അഡ്വ. ഹാരിസ് ബീരാൻ, ദൂരദർശൻ ഡയറക്ടർ ജനറൽ സതീഷ് നമ്പൂതിരിപ്പാട്, കേരള ഹൗസ് അഡീഷണൽ റെസിഡന്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് ഐ എ എസ്, സർവകലാശാല റെജിസ്ട്രാർ മെഹ്താബ് ആലം റിസ്‌വി എന്നിവർ അതിഥികളായിരിക്കും.

"സ്നേഹത്തിന്റെ സാർവത്രിക ഭാഷ; കേരളത്തിന്റെ കഥകൾ" എന്ന പ്രമേയത്തിൽ ഊന്നിയുള്ള ഇത്തവണത്തെ മേള, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കേരളത്തിന്റെ തനിമയും പൈതൃകവും നേരിട്ടറിയാനുള്ള സുവർണ്ണാവസരമാണ് ഒരുക്കുന്നത്. മേളയുടെ ആദ്യദിനമായ ഇന്ന് രാവിലെ മുതൽ വൈവിധ്യമാർന്ന പരിപാടികളാണ് അരങ്ങേറുന്നത്. എഫ്.ടി.കെ സെന്ററിൽ നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പ്രശസ്ത എഴുത്തുകാരൻ പി. കൃഷ്ണനുണ്ണി തന്റെ 'ചിലർ' എന്ന നോവലിനെ ആസ്പദമാക്കി പ്രമുഖ മാധ്യമപ്രവർത്തകൻ അമൃത് ലാലുമായി സംവദിക്കും. ഇതിന് പിന്നാലെ ഇജാസ് അഹമ്മദ് നയിക്കുന്ന കഥപറച്ചിൽ സെഷനും 'കൊട്ടക' ഫിലിം ഫെസ്റ്റിവലും നടക്കും.

മേളയുടെ ഭാഗമായി രണ്ടു ദിവസങ്ങളിലായി എം എഫ് ഹുസൈൻ ആർട്ട് ഗാലറിയിൽ ഒരുക്കുന്ന ഫോട്ടോഗ്രാഫി പ്രദർശനം എ.ജെ.കെ.എം.സി.ആർ.സി ഡയറക്ടർ ഡോ. സബീന ഗാഡിയോക്ക് ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന ഫോട്ടോഗ്രാഫി വർക്ക്ഷോപ്പിന് ദിനേഷ് ഖന്ന നേതൃത്വം നൽകും. പ്രൊഫ. സൊഹൈൽ അക്ബർ, പ്രൊഫ. ബിന്ദുലിക ശർമ്മ തുടങ്ങിയവരും പ്രദർശനത്തിന്റെ വിവിധ സെഷനുകളിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

അതേ ദിവസങ്ങളിൽ കേരളത്തിന്റെ തനത് കലാരൂപങ്ങളായ തെയ്യം, മോഹിനിയാട്ടം, ഒപ്പന, കോൽക്കളി എന്നിവ സർവ്വകലാശാലയുടെ വേദികളെ ധന്യമാക്കും. നാടൻ പാട്ടുകളിലൂടെയും കലകളിലൂടെയും കേരളം ഉയർത്തിപ്പിടിക്കുന്ന സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും മാതൃക ലോകത്തിന് പരിചയപ്പെടുത്തുക എന്നതാണ് മുസിരിസിന്റെ പ്രധാന ലക്ഷ്യം. കലകൾക്ക് പുറമെ കേരളീയ രുചികൾ വിളമ്പുന്ന ഫുഡ് സ്റ്റാളുകളും കരകൗശല വസ്തുക്കളുടെ പ്രദർശനവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഏപ്രിൽ 22ന് വൈകുന്നേരം സഫ്ദർ ഹാഷ്മി ഓപ്പൺ തിയേറ്ററിൽ നടക്കുന്ന വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയ്ക്കും ഉദ്ഘാടന ചടങ്ങുകൾക്കും ശേഷം യുവ സംഗീതജ്ഞൻ ഷെബി സാമാന്തർ നയിക്കുന്ന 'ഷെബി പാടുന്നു' എന്ന സംഗീത വിരുന്നോടെ ഒമ്പതാമത് മുസിരിസ് കേരള ഫെസ്റ്റിവൽ സമാപിക്കും. ഡൽഹിയിലെ മലയാളി വിദ്യാർത്ഥികളുടെയും പ്രവാസികളുടെയും വലിയൊരു സാന്നിധ്യമാണ് ഈ മൂന്ന് ദിവസങ്ങളിലായി ജാമിഅ നഗറിൽ പ്രതീക്ഷിക്കുന്നത് എന്ന് മുസിരിസ് സംഘാടക സമിതി അറിയിച്ചു. കോർ കമ്മിറ്റി യോഗത്തിൽ കൺവീനർ മുഹമ്മദ്‌ അദ്നാൻ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ അൻസിൽ ഇക്ബാൽ, അബാൻ, ജുമാന ഷഹീർ, സ്വാതി, ഫൈഹ, ജിഹാദ് പി പി, ഫജാസ് അഹമ്മദ്‌, ഋതിക സംസാരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിജയ് ക്രിസ്ത്യൻ വോട്ടുകളിലേക്ക് കടന്നുകയറുമെന്ന റിപ്പോർട്ട്, മറുതന്ത്രവുമായി സ്റ്റാലിൻ, ബിഷപ്പുമാരുടെ സംഘം വസതിയിലെത്തി
പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞടുപ്പ് കമ്മീഷന് പരാതി, വനിതാ ബില്ലില്‍ ദൂരദര്‍ശനിലൂടെ രാജ്യത്തോടുള്ള അഭിസംബോധന ഗുരുതര പെരുമാറ്റ ചട്ട ലംഘനമെന്ന് ആക്ഷേപം