
മുംബൈ: ഭൂമിക്കടിയിൽ നിന്ന് വിചിത്രശബ്ദങ്ങൾ കേൾക്കുന്നതിന്റെ ഭീതിയിലാണ് മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലുള്ള ഹസോരി ഗ്രാമം. ഒരാഴ്ചയിലധികമായി കേൾക്കുന്ന ശബ്ദങ്ങൾ എന്താണെന്ന ധാരണയിലെത്താൻ ഇനിയുമായിട്ടില്ല. ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയവിശദീകരണം കണ്ടെത്താൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നെറ്റിസത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് ലാത്തൂർ ജില്ലാ അധികൃതർ.
1993ൽ ഭൂകമ്പത്തെത്തുടർന്ന് 9700 പേർക്ക് ജീവൻ നഷ്ടമായ കില്ലാരിയിൽ നിന്ന് 28 കിലോമീറ്റർ ദൂരമേയുള്ളു ഹസോരിയിലേക്ക്. എന്നാൽ, ഇന്നുവരെ ഇവിടേതെങ്കിലും തരത്തിലുള്ള ഭൂഗർഭ പ്രതിഭാസങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതർ പറയുന്നു. പ്രാദേശിക റിപ്പോർട്ടുകളനുസരിച്ച് സെപ്തംബർ ആറ് മുതലാണ് ഭൂമിക്കടിയിൽ നിന്ന് ശബ്ദങ്ങൾ കേട്ടുതുടങ്ങിയത്. വളരെ ഉയർന്ന ശബ്ദങ്ങളാണ് കേൾക്കുന്നത്. പരിഭ്രാന്തരാകരുതെന്ന് ജില്ലാ അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
1993 സെപ്തംബർ 30നാണ് ഇന്ത്യയെ നടുക്കിയ ഭൂകമ്പം ഉണ്ടായത്. പുലർച്ചെ 3.56ന് ആയിരുന്നു ഭൂകമ്പം. ലാത്തൂർ, ഉസ്മാനാബാദ് ജില്ലകളിൽ 60 ഗ്രാമങ്ങൾ തകർന്നു തരിപ്പണമായി. ഏറെയും കരിങ്കൽ ഭിത്തികൾ കൊണ്ടുള്ള വീടുകളായിരുന്നതിനാലും ആളുകൾ ഗാഢനിദ്രയിലായിരുന്ന സമയത്തായിരുന്നു ഭൂചലനം എന്നതും ദുരന്തത്തിന്റെ ആക്കംകൂട്ടി. കില്ലാരി ഗ്രാമം പൂർണമായും ഇല്ലാതായി. സെക്കൻഡുകൾക്കുള്ളിലാണ് ഗ്രാമങ്ങൾ കൽക്കൂമ്പാരമായി മാറിയത്. കല്ലിനും മണ്ണിനും അടിയിൽനിന്ന് കുറേപ്പേരെ പുറത്തെടുത്തു. മൃതദേഹങ്ങൾ അന്നന്നു വൈകിട്ടുതന്നെ കൂട്ടമായി ദഹിപ്പിക്കുകയായിരുന്നു. രണ്ടു ദിവസത്തിനു ശേഷമാണ് ഗ്രാമത്തിൽ രക്ഷാപ്രവർത്തകർക്ക് എത്താനായത്.
ഭൂമിയുടെ ഉപരിതലം അവിചാരിതമായി ചലിക്കുന്നതിനാണ് ഭൂകമ്പം അഥവാ ഭൂമികുലുക്കം എന്നു പറയുന്നത്. ഭൂകമ്പത്തെ കുറിച്ചുള്ള പഠനത്തിന് ഭൂകമ്പ വിജ്ഞാന ശാസ്ത്രം (seismology) എന്നു പറയുന്നു. 1903-ൽ ലോക ഭൂകമ്പ വിജ്ഞാന സമിതി രൂപീകൃതമായി. ഭൂകമ്പത്തെ കുറിച്ചുള്ള ആധികാരിക പഠനങ്ങൾക്ക് ഈ സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്. ഭൂകമ്പം സൃഷ്ടിക്കപ്പെടുന്ന ബിന്ദുവിന് അധികേന്ദ്രം എന്നു പറയുന്നു. ഭൂകമ്പത്തിന്റെ ശക്തി അളക്കാനായി പൊതുവേ റിച്ചർ മാനകം ഉപയോഗിക്കുന്നു. റിച്ചർ മാനകത്തിൽ മൂന്നിനു താഴെയുള്ള ഭൂകമ്പങ്ങൾ ദുരന്തങ്ങൾ സൃഷ്ടിക്കാറില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam