ശമ്പളം മുഴുവൻ നൽകിയില്ല, മുതലാളിയുടെ മെഴ്സിഡസ് അഗ്നിക്കിരയാക്കി തൊഴിലാളി

By Web TeamFirst Published Sep 14, 2022, 3:06 PM IST
Highlights

ജോലി ചെയ്തതിന്റെ മുഴുവൻ തുകയും നൽകാൻ ഇയാൾ തയ്യാറായില്ല. ഇതിൽ പ്രകോപിതനായ തൊഴിലാളി പ്രതികാരം വീട്ടാൻ തീരുമാനിക്കുകയും കാർ കത്തിക്കുകയുമായിരുന്നു.

നോയിഡ : ഉത്തർപ്രദേശിലെ നോയിഡയിൽ തൊഴിലുടമയുടെ കാർ തൊഴിലാളി അഗ്നിക്കിരയാക്കി. ചെയ്ത തൊഴിലിനുള്ള കൂലി മുഴുവനായും നൽകാത്തതിനെ തുടർന്നാണ് തൊഴിലാളിയുടെ സാഹസം. മെഴ്സിഡസിന്റെ ഉടമ, തൊഴിലാളിയെ വീട്ടിൽ ടൈൽസ് ഇടാൻ വിളിച്ചിരുന്നു. ടൈൽസ് ഇട്ടതിന് ശേഷം ജോലി ചെയ്തതിന്റെ മുഴുവൻ തുകയും നൽകാൻ ഇയാൾ തയ്യാറായില്ല. ഇതിൽ പ്രകോപിതനായ തൊഴിലാളി പ്രതികാരം വീട്ടാൻ തീരുമാനിക്കുകയും കാർ കത്തിക്കുകയുമായിരുന്നു.

നോയിഡയിലെ സര്‍ദര്‍പൂരിലെ 39 പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഇയാൾ വണ്ടി കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു. ബൈക്കിൽ വരുന്ന തൊഴിലാളി കയ്യിലുണ്ടായിരുന്ന പെട്രോൾ കാറിൽ ഒഴിക്കുകയും തീക്കൊളുത്തുകയുമായിരുന്നു. തീ കൊളുത്തിയതിന് പിന്നാലെ ഇയാൾ ബൈക്ക് എടുത്ത് സ്ഥലം വിടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നിയമനടപടികൾ സ്വീകരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. 

അതേസമയം വ്യവസായ പ്രമുഖൻ സൈറസ് മിസ്‌ത്രിയുടെയും സുഹൃത്ത് ജഹാംഗീർ പണ്ടോളിന്റെയും മരണത്തിനിടയാക്കിയ കാർ അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി മെഴ്‌സിഡസ് ബെൻസ് സാങ്കേതിക വിദഗ്ധരുടെ ഒരു സംഘം ഹോങ്കോങ്ങിൽ നിന്ന് ഇന്ത്യയില്‍ എത്തിയതായി റിപ്പോര്‍ട്ട്. കൂടുതൽ അന്വേഷണത്തിനായി ഹോങ്കോങ്ങിൽ നിന്നുള്ള ഈ മെഴ്‌സിഡസ് ബെൻസ് ടീം സൈറസ് മിസ്ത്രിയുടെ അപകടസ്ഥലം സന്ദർശിച്ചതായാണ് റിപ്പോര്‍ട്ട്.

ഹോങ്കോങ്ങിൽ നിന്നുള്ള മൂന്നംഗ വിദഗ്ധ സംഘം ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ താനെയ്ക്ക് സമീപം അപകടസ്ഥലം സന്ദർശിച്ചത്. അവരുടെ അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയ്ക്ക് സമർപ്പിക്കും. വാഹനാപകടത്തെക്കുറിച്ചുള്ള എല്ലാ കണ്ടെത്തലുകളും അടങ്ങിയ അന്തിമ റിപ്പോർട്ട് രണ്ട് ദിവസത്തിന് ശേഷം കാർ കമ്പനി പൊലീസിനും സമർപ്പിക്കും.

click me!