Nagaland Firing : നാഗാലാൻഡ് വെടിവെപ്പ്: പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

By Web TeamFirst Published Jan 11, 2022, 5:28 PM IST
Highlights

ഫോറൻസിക് പരിശോധന ഫലം ലഭിച്ചാലുടൻ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണചുമതല.

ദില്ലി: നാഗാലാൻഡ് വെടിവെപ്പുമായി (Nagaland Firing) ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. 50 സാക്ഷികളിൽ നിന്നടക്കം സംഘം മൊഴി രേഖപ്പെടുത്തി. ഫോറൻസിക് പരിശോധന ഫലം ലഭിച്ചാലുടൻ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണചുമതല.

നാഗാലാന്‍ഡില്‍ സൈന്യത്തിന്റെ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 14 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഖനി തൊഴിലാളികളായ ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ തൊഴിലാളികളുടെ സംഘം ട്രക്കിൽ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് സുരക്ഷസേനയുടെ വെടിവെച്ചത്. വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ചാണ് ഗ്രാമീണര്‍ക്കുനേരെ വെടിവെച്ചതെന്നാണ് സൈന്യത്തിന്റെ വിശദീകരണം.

പ്രശ്‌നബാധിത മേഖലയെന്ന് പ്രഖ്യാപിക്കപ്പെട്ട ഏത് സ്ഥലത്തും സ്വതന്ത്ര നടപടികള്‍ക്ക് സൈന്യത്തിന് അധികാരം നല്‍കുന്ന അഫ്സ്പ നിയമത്തിനെതിരെ നാഗാലാന്‍ഡില്‍ പ്രതിഷേധം ശക്തമാണ്. പ്രതിഷേധം വകവെക്കാതെ അഫ്സ്പ ആറ് മാസത്തേക്ക് കേന്ദ്രം നീട്ടിയിട്ടുണ്ട്. അതേ സമയം അഫ്സ്പാ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊഹിമയിലേക്കുള്ള ലോംഗ് മാർച്ച് രണ്ടാം ദിവസത്തിൽ എത്തി. 

click me!