അസഹനീയമായ വേദന; സഹപ്രവര്‍ത്തകന്റെ ഗണ്ണില്‍ നിന്ന് അബദ്ധത്തില്‍ ഉതിര്‍ന്ന ആണി യുവാവിന്റെ തലയില്‍ തുളഞ്ഞുകയറി

Published : Jul 15, 2023, 12:46 PM IST
അസഹനീയമായ വേദന; സഹപ്രവര്‍ത്തകന്റെ ഗണ്ണില്‍ നിന്ന് അബദ്ധത്തില്‍ ഉതിര്‍ന്ന ആണി യുവാവിന്റെ തലയില്‍ തുളഞ്ഞുകയറി

Synopsis

തൊലിപ്പുറത്ത് നിന്ന് കുറഞ്ഞത് അര ഇഞ്ചെങ്കിലും താഴെ നട്ടെല്ലും തലയോട്ടിയും ചേരുന്ന ഭാഗത്തായിരുന്നു ആണി തറഞ്ഞിരുന്നത്. സംസാര ശേഷി നഷ്ടമാവാനോ ശരീരം തളര്‍ന്നു പോകാനോ മരണം വരെ സംഭവിക്കാനോ സാധ്യതയുണ്ടായിരുന്ന അപകടമായിരുന്നു ഇത്. 

ചെന്നൈ: ഫാക്ടറിയില്‍ ജോലി ചെയ്യുന്നതിനിടെ സഹപ്രവര്‍ത്തകന്റെ നെയില്‍ ഗണ്ണില്‍ നിന്ന് പുറത്തേക്ക് തെറിച്ച ആണി യുവാവിന്റെ തലയില്‍ തുളഞ്ഞുകയറി. നവലൂരിലെ ഒരു പാക്കേജിങ് ഫാക്ടറിയിലായിരുന്നു സംഭവം. നിലം തുടയ്ക്കുകയായിരുന്ന 23 വയസുകാരന്റെ തലയിലേക്കാണ് തൊട്ടടുത്ത് നിന്ന് ജോലി ചെയ്യുകയായിരുന്ന സഹപ്രവര്‍ത്തകന്റെ നെയില്‍ ഗണ്ണില്‍ നിന്നുള്ള ആണി തറച്ചത്.

ഉത്തര്‍പ്രദേശ് സ്വദേശിയായ ബ്രഹ്മയ്യുടെ തലയ്ക്കാണ് ഗുരുതരമായ പരിക്കേറ്റത്. നിലം തുടയ്ക്കുന്നതിനിടെ തലയുടെ പിന്നില്‍ ശക്തമായ വേദന അനുഭവപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രക്തമൊഴുകുന്നത് കണ്ട് മറ്റുള്ളവര്‍ ഓടിയെത്തി പരിശോധിച്ചപ്പോഴാണ് അഞ്ച് സെന്റീ മീറ്ററോളം വലിപ്പമുള്ള ആണി തലയില്‍ തറഞ്ഞതായി കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ബോധം നഷ്ടമായില്ലെന്ന് മാത്രമല്ല കൈയ്ക്കോ കാലിനോ ബലക്ഷയമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായതുമില്ല. രക്തസമ്മര്‍ദവും പള്‍സും സാധാരണ നിലയിലായിരുന്നു. പ്രായം കുറവായിരുന്നത് വലിയ സഹായകമായെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

തൊലിപ്പുറത്ത് നിന്ന് കുറഞ്ഞത് അര ഇഞ്ചെങ്കിലും താഴെ നട്ടെല്ലും തലയോട്ടിയും ചേരുന്ന ഭാഗത്തായിരുന്നു ആണി തറഞ്ഞിരുന്നത്. സംസാര ശേഷി നഷ്ടമാവാനോ ശരീരം തളര്‍ന്നു പോകാനോ മരണം വരെ സംഭവിക്കാനോ സാധ്യതയുണ്ടായിരുന്ന അപകടമായിരുന്നു ഇത്. സിടി സ്കാന്‍ പരിശോധിച്ചപ്പോള്‍ സാധാരണ ആണി അല്ല ഇതെന്നും തടിയില്‍ തറച്ച ശേഷം തിരികെ ഇളകി വരാതിരിക്കാനായി പ്രത്യേക ശിഖരങ്ങള്‍ പോലെയുള്ള ഭാഗങ്ങളും അതിന് ഉണ്ടെന്ന് മനസിലായി. 

രോഗിയെ കമഴ്‍ത്തി കിടത്തിയാണ് ശസ്ത്രക്രിയ നടത്തിയത്. ഡയമണ്ട് ബര്‍ എന്ന ശസ്ത്രക്രിയാ ഉപകരണം ഉപയോഗിച്ച് ആണിക്ക് ചുറ്റും ദ്വാരമുണ്ടാക്കി ശ്രദ്ധാപൂര്‍വം ഇത് പുറത്തെടുക്കുകയായിരുന്നു. അനസ്തേഷ്യയില്‍ നിന്ന് ഉണര്‍ന്നപ്പോള്‍ ബ്രഹ്മ പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശരീരത്തിലെ മറ്റ് അവയവങ്ങള്‍‍ക്കൊന്നും പ്രശ്നമുണ്ടായില്ല. രണ്ടാം ദിവസം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്‍തു.

Read also:  സൗദിയില്‍ വൻ തീപിടിത്തം; അഞ്ച് ഇന്ത്യക്കാരടക്കം 10 മരണം, ഒരാള്‍ മലയാളിയെന്ന് സൂചന

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം