അഹമ്മദാബാദില്‍ നമസ്തേയും ദില്ലിയില്‍ വെടിവയ്പ്പും; കലാപം നിയന്ത്രിക്കാത്തതില്‍ ബിജെപിയെ വിമര്‍ശിച്ച് ശിവസേന

By Web TeamFirst Published Feb 26, 2020, 11:21 AM IST
Highlights

''പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ചര്‍ച്ച നടത്തുമ്പോള്‍ ദില്ലി കത്തിയെരിയുകയായിരുന്നു. കാരണം എന്തുതന്നെയായാലും രാജ്യതലസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. '' 

ദില്ലി: ദില്ലിയില്‍ കലാപം കെട്ടടങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ അക്രമസംഭവങ്ങള്‍ നിയന്ത്രണവിധേയമാക്കുന്നതിലെ കേന്ദ്രസര്‍ക്കാരിന്‍റെ പരാജയത്തെ വിമര്‍ശിച്ച് ശിവസേന. 18 പേരുടെ മരണത്തിനിടയാക്കിയ, മൂന്ന് ദിവസമായി തുടരുന്ന കലാപം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിനോ മന്ത്രിസഭയ്ക്കോ സാധിക്കുന്നില്ലെന്ന് ശിവസേന മുഖപത്രമായ സാംനയിലൂടെ കുറ്റപ്പെടുത്തി. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്ന സമയത്തും രാജ്യതലസ്ഥാനത്ത് കലാപം തുടരുകയാണെന്നും സാംന വിമര്‍ശിച്ചു. 

''പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ചര്‍ച്ച നടത്തുമ്പോള്‍ ദില്ലി കത്തിയെരിയുകയായിരുന്നു. കാരണം എന്തുതന്നെയായാലും രാജ്യതലസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. '' - ശിവസേന മുഖപ്രസംഗത്തില്‍ ആരോപിച്ചു. 

1984 ലെ സിഖ് കലാപത്തില്‍ ബിജെപി ഇപ്പോഴും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നു. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ സിഖ് സമുദായം ദില്ലിയില്‍ ആക്രമിക്കപ്പെട്ടു. നൂറുകണക്കിന് സിഖ് സഹോദരങ്ങളാണ് കൊല്ലപ്പെട്ടത്. ഇതിന് സമാനമായ സംഭവമാണ് ദില്ലിയിലും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. വാളും തോക്കുമായി ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. ദില്ലിയില്‍ നമ്മള്‍ സാക്ഷികളാകുന്ന രംഗങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. ആരാണ് ഇതിന് ഉത്തരവാദികള്‍ ? ഇതാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ദില്ലിയില്‍ ഉള്ളപ്പോഴുള്ള സാഹചര്യം . അത് നമുക്ക് ഒട്ടും നല്ലതല്ല.'' -  മുഖപ്രസംഗത്തില്‍ സേന വ്യക്തമാക്കി. 

click me!