
ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ചീറ്റ മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചു. നമീബിയയിൽ നിന്നെത്തിച്ച ജ്വാല എന്ന ചീറ്റയാണ് പ്രസവിച്ചത്. കഴിഞ്ഞ വർഷം മാർച്ചിൽ ജ്വാല നാല് ചീറ്റ കുഞ്ഞുങ്ങളെ പ്രസവിച്ചെങ്കിലും മൂന്നു കുഞ്ഞുങ്ങള്‍ ചത്തുപോയി. രണ്ടാഴ്ച മുൻപ് ആശ എന്ന ചീറ്റയും മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടുണ്ട്. പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ പ്രൊജക്ട് ചീറ്റയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയും രാജ്യത്തെ പരിസ്ഥിതി സ്നേഹികളെയും മന്ത്രി അഭിനന്ദിച്ചു.
2022 ൽ തുടങ്ങിയ പ്രൊജക്ട് ചീറ്റ വഴി 20 ചീറ്റകളാണ് കുനോ ദേശീയോദ്യാനത്തിൽ എത്തിയത്. ആദ്യ ഘട്ടത്തിൽ 8 ചീറ്റകള്‍ നമീബിയയിൽ നിന്നും പിന്നീട് 12 ചീറ്റകളെ ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ് എത്തിച്ചത്. എന്നാൽ അണുബാധയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും കാരണം 10 ചീറ്റകള്‍ ഇതിനോടകം ചത്തു.10ല്‍ ഏഴെണ്ണം മുതിർന്ന ചീറ്റകളും മൂന്നെണ്ണം കുഞ്ഞുങ്ങളുമാണ്. ഏറ്റവും ഒടുവിൽ ചത്തത് ശൌര്യയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് രണ്ടിനാണ് കുനോയിലെ ഒമ്പതാമത്തെ ചീറ്റയുടെ മരണം റിപ്പോർട്ട് ചെയ്തത്. മഴക്കാലത്ത് പ്രാണികൾ മൂലമുണ്ടാകുന്ന അണുബാധയാണ് അവസാനത്തെ രണ്ട് മരണങ്ങൾക്ക് കാരണമെന്ന് സർക്കാർ പാർലമെന്റിൽ അറിയിച്ചിരുന്നു.
ചീറ്റകളുടെ മരണം സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയിരുന്നു. ചീറ്റകളുടെ മരണ കാരണങ്ങളും മരണം തടയാൻ സ്വീകരിച്ച പരിഹാര നടപടികളും വിശദീകരിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി.
1952ലാണ് ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചത്. അതിനാലാണ് 2022ൽ വിദേശത്ത് നിന്ന് 20 ഓളം ചീറ്റകളെ കുനോ പാർക്കിലേക്ക് കൊണ്ടുവന്നത്. ചീറ്റകളെ രണ്ട് ബാച്ചുകളായാണ് ഇറക്കുമതി ചെയ്തത്. നമീബിയയില്‍ നിന്ന് 2022ലും ദക്ഷിണാഫ്രിക്കയില്‍ നിന്ന് 2023ലുമാണ് ചീറ്റകളെ കൊണ്ടുവന്നത്. ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് മറ്റൊരു കൂട്ടം ചീറ്റകളെ ഇറക്കുമതി ചെയ്യുമെന്ന് പ്രോജക്ട് ചീറ്റ ഹെഡ് എസ്പി യാദവ് അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam